by webdesk1 on | 08-12-2024 08:10:36 Last Updated by webdesk1
ന്യൂഡല്‍ഹി: രാജ്യത്ത് വധഭീഷണികളും ബോംബ് ഭീഷണികളും അടുത്തകാലത്തായി കൂടിവരുന്നതായാണ് വാര്‍ത്തകള്‍. ബോളിവുഡ് താരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നേരെ മുന്‍പ് വധഭീഷണി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് നേരെയും വധഭീഷണി ഉണ്ടായിരിക്കുന്നു എന്നതാണ് ഗൗരവം വര്‍ധിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ കാര്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിടുന്നതായി രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് എത്തിയ ഭീഷണി സന്ദേശമാണ് രാജ്യത്തെ ആകെ ഭീതിയിലാക്കിയ സംഭവം. രണ്ട് ഐ.എസ്.ഐ ഭീകരര്‍ രാജ്യത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സ്ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു സന്ദേശം. പ്രധാനമന്ത്രിയെ വധിക്കാനാണ് ഇവരുടെ ലക്ഷ്യമെന്നും സന്ദേശത്തില്‍ പറയുന്നു.
മുംബൈ ട്രാഫിക് പോലീസിന്റെ ഹെല്‍പ്പ്ലൈനിലേക്ക് വാട്സ്ആപ്പ് വഴിയാണ് സന്ദേശമെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സന്ദേശം അയച്ച വ്യക്തി മദ്യലഹരിയിലായിരിക്കാം അയച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതിന് മുന്‍പും മുംബൈ ട്രാഫിക് പോലീസിന്റെ ഹെല്‍പ്പ്ലൈന്‍ നമ്പറിലേക്ക് വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും പഴുതടച്ച അന്വേഷണമാണ് ഭീഷണി സന്ദേശം സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്നത്.
ഇന്ത്യയെ ആക്രമിക്കണമെന്ന പ്രഖ്യാപനവുമായി ജെയ്ഷെ മുഹമ്മദ് കേഡര്‍മാരെ കഴിഞ്ഞ മാസം മസൂദ് അസ്ഹര്‍ അഭിസംബോധന ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയേയും ഇസ്രയേലിനേയും കേന്ദ്രീകരിച്ച് ആക്രമണം നടത്തണമെന്ന വ്യക്തമായ ആഹ്വാനം പ്രസംഗത്തില്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ഭീഷണിയേയും ഗൗരവമായിട്ടാണ് പോലിസ് കാണുന്നത്. നടന്‍ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് പോലീസിന് രണ്ട് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.