by webdesk1 on | 08-12-2024 07:28:32
വത്തിക്കാന്‍ സിറ്റി: മലയാളികള്‍ക്ക് അഭിമാനമായി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് അഭിഷിക്തനായതോടെ കേരള കത്തോലിക്ക സഭയ്ക്ക് ലഭിച്ച കര്‍ദിനാള്‍മാരുടെ എണ്ണം മൂന്നാകും. നേരത്തെ സീറോ മലബാര്‍ സഭയ്ക്കും സീറോ മലങ്കര സഭയ്ക്കും ഒരോ കര്‍ദിനാള്‍മാര്‍ വീതമായിരുന്നു മാര്‍പ്പാപ്പ അനുവദിച്ച് നല്‍കിയിരുന്നത്. സീറോ മലബാര്‍ സഭാംഗമായ മാര്‍ ജോര്‍ജ് ജേക്കബ് കൂടി അഭിഷിക്തനായതോടെ എണ്ണം മൂന്നായി. സീറോ മലബാര്‍ സഭയ്ക്ക് രണ്ട് കര്‍ദിനാള്‍മാരെയാണ് ഇതോടെ ലഭിക്കുന്നത്. എന്നാല്‍ ഈ എണ്ണം തുടരാനാകുമോയെന്നാണ് ഇനിയുള്ള ചര്‍ച്ചകള്‍.
മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് സിറോ മലബാര്‍ സഭയെ പ്രതിനിധികരിച്ചുള്ള കര്‍ദിനാള്‍. ഇദ്ദേഹവും ചങ്ങനാശേരി അതിരൂപതാംഗമാണ്. സഭയ്ക്കുള്ളിലെ അഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് എന്ന പദവി ആലഞ്ചേരിക്ക് നഷ്ടമായിരുന്നു. കര്‍ദിനാള്‍ പദവി കത്തോലിക്കാ സഭാ ആസ്ഥാനത്ത് നിന്ന് മാര്‍പ്പാപ്പ ചാര്‍ത്തി തരുന്നതിനാല്‍ ആ പദവി മരണം വരെ ഒപ്പമുണ്ടാകും. എന്നാല്‍ അദ്ദേഹത്തിന്റെ കാലശേഷം സീറോ മലബാര്‍ സഭയ്ക്ക് പകരം ഒരു കര്‍ദിനാള്‍ പദവി കൂടി ലഭിക്കുമോയെന്നാണ് പുതിയൊരു കര്‍ദിനാളിനെ കൂടി സഭയ്ക്ക് ലഭിച്ചതോടെ ചര്‍ച്ചകള്‍ നടക്കുന്നത്.
ലത്തീന്‍സഭയ്ക്ക് പുറമേ കെ.സി.ബി.സിയില്‍ അംഗമായിട്ടുള്ള രണ്ട് പ്രാദേശിക സഭകള്‍ എന്ന നിലയിലാണ് സീറോ മലബാര്‍ സഭയ്ക്കും സീറോ മലങ്കര സഭയ്ക്കും കര്‍ദിനാള്‍ പദവി അനുവദിച്ചിട്ടുള്ളത്. മാര്‍ ബസേലിയോസ് ക്ലിമിസാണ് മലങ്കര സഭയുടെ കര്‍ദിനാള്‍. സീറോ മലബാര്‍ സഭയ്ക്ക് ഒരു കര്‍ദിനാള്‍ പദവി കൂടെ ലഭിക്കുന്നതോടെ എണ്ണത്തിലെ സന്തുലിത നഷ്ടമാകും. ഇത് പിന്നീട് തര്‍ക്കങ്ങളിലേക്ക് ഇടയാക്കും. ഇതൊഴിവാക്കാന്‍ മാര്‍ ആലഞ്ചേരിക്ക് ശേഷം മാര്‍ ജോര്‍ജ് ജേക്കബിലൂടെ സീറോ മലബാര്‍ സഭയ്ക്ക് ഒരു കര്‍ദിനാള്‍ പദവി തന്നെയാക്കി നിലനിര്‍ത്താനാകും സാധ്യത.
വത്തിക്കാനിലെ ചരിത്ര പ്രസിദ്ധമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വത്തിലാണ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. വത്തിക്കാന്‍ സമയം വൈകുന്നേരം നാലിനാരംഭിച്ച ദിവ്യബലിയ്ക്കിടെ മാര്‍ കൂവക്കാട്ടിലിനെ കര്‍ദിനാളായി ഉയര്‍ത്തി മാര്‍പാപ്പ ചുവന്ന തൊപ്പിയും പേപ്പല്‍ മുദ്രയുള്ള സ്വര്‍ണ മോതിരവും അടക്കമുള്ള സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചു. പൗരസ്ത്യ സഭയുടെ രീതിക്ക് അനുസരിച്ച് ചുവപ്പും കറുപ്പും നിറഞ്ഞ തൊപ്പിയാണ് മാര്‍ കൂവക്കാടിനെ മാര്‍പാപ്പ അണിയിച്ചത്.
വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്നു എന്നതാണ് മാര്‍ ജോര്‍ജ് കൂവക്കാട്ടിലിനെ വ്യത്യസ്ഥനാക്കുന്നത്. ഇന്ത്യയില്‍ നിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യ വൈദികനാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. അദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചങ്ങനാശേരിയില്‍ കഴിഞ്ഞ മാസം മെത്രാഭിഷേക ചടങ്ങുകള്‍ നടന്നിരുന്നു.
ഇന്ന് രാവിലെ പുതിയ കര്‍ദിനാളന്മാര്‍ മാര്‍പാപ്പയോടൊപ്പം ദിവ്യബലി അര്‍പ്പിക്കും. ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് അംഗ സംഘമാണ് പങ്കെടുക്കുന്നത്. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ടോം വടക്കന്‍, അനില്‍ ആന്റണി, അനൂപ് ആന്റണി തുടങ്ങിയവര്‍ സംഘത്തിലുണ്ട്. കേരളത്തില്‍ നിന്ന് എംഎല്‍എമാരായ സജീവ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവരും വത്തിക്കാനില്‍ എത്തിയിട്ടുണ്ട്.
കത്തോലിക്കാ സഭയിലെ രാജകുമാരന്‍മാരെന്നാണ് കര്‍ദിനാള്‍മാര്‍ അറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശ്രേണിയില്‍ മാര്‍പാപ്പ കഴിഞ്ഞാല്‍ ഒരു പുരോഹിതന് എത്താന്‍ കഴിയാവുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്. കര്‍ദിനാള്‍ തിരുസംഘത്തില്‍ അംഗമാകുന്നതോടെ മാര്‍പാപ്പയുടെ ഔദ്യോഗികമായ ഉപദേശക സംഘത്തില്‍ അമ്പത്തൊന്നുകാരനായ മാര്‍ ജോര്‍ജ് കൂവക്കാടും ഉള്‍പ്പെടും.