by webdesk1 on | 07-12-2024 01:49:57 Last Updated by webdesk1
കൊച്ചി: വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഉള്‍പ്പടെയുള്ള ദുരന്തനിരവാരണത്തിനായി സമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന കണക്കുകള്‍ നിരത്തി ജനത്തെ കബളിപ്പിച്ച സംസ്ഥാന സര്‍ക്കാരിന് തലയ്ക്ക് കിട്ടിയായി അടിയായിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ശരിയായ രീതിയിലല്ല കണക്കുകള്‍ കൈകാര്യം ചെയ്തതെന്ന് വിലയിരുത്തിയ ഹൈക്കോടതി ആരെയാണ് നിങ്ങള്‍ വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും ചോദിച്ചു. പെരുപ്പിച്ച കണക്കല്ലാതെ യഥാര്‍ഥ കണക്കുകള്‍ സമര്‍പ്പിക്കാനും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
വയനാട് ചൂരല്‍മലയിലും മുണ്ടകൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ കണക്കിലാണ് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം കേള്‍ക്കേണ്ടിവന്നത്. മൃതദേഹം സംസ്‌കരിക്കുന്നതുള്‍പ്പടെ കോടികളുടെ ചിലവാണ് സര്‍ക്കാര്‍ കാണിച്ചത്. ഇത് പിന്നീട് വിവാദമായപ്പോള്‍ എസ്റ്റിമേറ്റ് കണക്കാണ് എന്ന് പറഞ്ഞു സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ള ഭരണകക്ഷി നേതാക്കള്‍ ന്യായീകരിച്ചു.
ഇതിനെല്ലാം കിട്ടയ തിരിച്ചടിയായിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ കൃത്യമായിരിക്കും. എന്നാല്‍ സംസ്ഥാനത്തെ പക്കല്‍ കൃത്യമായ കണക്ക് ഉണ്ടാകാറില്ല. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോള്‍ കൃത്യമായ കണക്ക് കൈയ്യില്‍ വേണ്ടേയെന്നും ഹൈക്കോടതി ചോദിച്ചു.
മുന്‍ വര്‍ഷത്തെ നീക്കിയിരിപ്പ് ഉള്‍പ്പടെ 782.98 കോടി രൂപയാണ് എസ്.ഡി.ആര്‍.എഫ് ഉണ്ടായിരുന്നതെന്ന് കേരളം അറിയിച്ചു. ഇതില്‍ 95 കോടി രൂപ വയനാട്ടിലും മറ്റു ദുരന്ത നിവാരണ കാര്യങ്ങള്‍ക്കുമായി ചെലവഴിച്ചു. ഇതിന്റെ ബാക്കിയായി എസ്ഡിആര്‍എഫില്‍ 677 കോടി രൂപ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇപ്പോള്‍ ഒരു അത്യാവശ്യം വന്നാല്‍ എത്ര രൂപ ചെലവഴിക്കാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചെങ്കിലും സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയില്ല.
ഇതോടെയാണ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. എന്തുകൊണ്ടാണ് ഈ കണക്കുകള്‍ ഇല്ലാത്തതെന്ന് കോടതി ആരാഞ്ഞു. ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും ഇത്രയധികം പേര്‍ മരിച്ച ദുരന്തത്തില്‍ അവരെക്കൂടി അപമാനിക്കരുതെന്നും കോടതി പറഞ്ഞു. എത്ര പണമുണ്ട്, എങ്ങനെയെല്ലാം ചെലവഴിക്കുന്നു എന്നൊക്കെ കണക്കുണ്ടെങ്കില്‍ മാത്രമേ കേന്ദ്രത്തില്‍നിന്ന് ധനസഹായം ചോദിക്കാന്‍ സാധിക്കൂ. അതുകൊണ്ട് ആദ്യം സംസ്ഥാനത്തിന്റെ കണക്കുകള്‍ ശരിയാക്കാനും കോടതി നിര്‍ദേശം നല്‍കി.
ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വ്യാഴാഴ്ച വരെ സാവകാശം നല്‍കി. അന്ന് കൃത്യമായ കണക്കുകള്‍ ഹാജരാക്കണം. എസ്.ഡി.ആര്‍.എഫ് ഫണ്ടിലെ നീക്കിയിരുപ്പ്, വിനിയോഗിച്ച തുക, ആവശ്യമായ തുക എന്നിവ അറിയിക്കണമെന്ന് കോടതി നിര്‍ദേശം. കേസ് വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.