by webdesk1 on | 07-12-2024 08:19:58
തിരുവനന്തപുരം: ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുന്നില്‍ ഒരു വെള്ളക്കടലാസില്‍ പരാതി കിട്ടുന്നു. സോളാര്‍ കേസിലെ തട്ടിപ്പുകാരിയായ സരിത എസ്.നായരുടെ പരാതിയായിരുന്നു അത്. ആവശ്യം സോളാര്‍ പീഡനക്കേസില്‍ സി.ബി.ഐ അന്വേഷണം വേണം. മറിച്ചൊന്നും ചിന്തിക്കാതെ അന്വേഷണം ആഭ്യന്തരമന്ത്രികൂടിയായ പിണറായി വിജയന്‍ സി.ബി.ഐക്ക് കൈമാറി.
സി.ബി.ഐ അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ വസ്തുതപരമായി ഒന്നും ഇല്ല എന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ കേസില്‍ കുറ്റക്കാരല്ലെന്നും. അന്ന് ഒരു തട്ടിപ്പുകാരിയുടെ പരാതിയില്‍ സി.ബി.ഐ അന്വേഷണത്തിന് തയാറായ ഇതേ പിണറായി വിജയന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ കോടതികളില്‍ പോലും സി.ബി.ഐ അന്വേഷണ ആശ്യങ്ങളെ എതിര്‍ക്കുന്നതാണ് കാഴ്ച.
കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം കൊലാപാതകമാണെന്ന് സംശയിക്കുന്നതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും കുടുംബവും നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് ഉന്നയിച്ചിരിക്കുന്നത്. കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സി.പി.എം ജില്ലാ നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ. പാര്‍ട്ടിക്കാര്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അതിനെ എതിര്‍ക്കുക എന്നതാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇതുവരെ ചെയ്തുവരുന്നത്.
അന്വേഷണം പൂര്‍ത്തിയായി വരികെയാണെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത് ഭരണകക്ഷിയായ സി.പി.എം അല്ല. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ കൃത്യമായി ശേഖരിച്ചിട്ടുണ്ട്. പ്രതിയായ പി.പി. ദിവ്യ, കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തന്‍ എന്നിവരുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളൊക്കെ ശേഖരിച്ച് പരിശോധന നടത്തി. ബന്ധുക്കള്‍ വരാന്‍ വൈകിയതിനാലാണ് ഇന്‍ക്വസ്റ്റ് സ്വതന്ത്രരായ അഞ്ചുപേരുടെ സാന്നിധ്യത്തില്‍ നടത്തിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.