by webdesk1 on | 07-12-2024 07:43:34
തിരുവനന്തപുരം: പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധിയാണ് കെ.എസ്.ഇ.ബിയില്‍ എന്നാണ് വൈദ്യുതി നിരക്കിനെ ന്യായീകരിച്ചുകൊണ്ടു ബന്ധപ്പെട്ട മന്ത്രിയും സര്‍ക്കാര്‍ പ്രതിനിധികളും പറയുന്നത്. എന്നാല്‍, കണക്കുകള്‍ പരിശോധിച്ചാല്‍ നഷ്ടം കാണാനാകുമെങ്കിലും സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തോടെ പ്രതിസന്ധി മറികടക്കാനായി. എന്നിട്ടും ജനത്തിന്റെ തലയ്ക്കടിച്ചുകൊണ്ടു നിരക്ക് വര്‍ധന ഒഴിവാക്കാന്‍ ബോര്‍ഡും സര്‍ക്കാരും തയാറായില്ല.
2024 മാര്‍ച്ച് 31 ല്‍ നഷ്ടം 534 കോടിയാണെന്നാണ് കണക്ക്. നഷ്ടം നികത്താനായി സര്‍ക്കാര്‍ 752.5 കോടി നല്‍കിയപ്പോള്‍ ലാഭത്തിലായി. അതായത് ഇപ്പോള്‍ 218.51 കോടിരൂപ ലാഭത്തിലാണ് എന്നാണ് സര്‍ക്കാര്‍ രേഖയില്‍. എന്നാല്‍ റിഗുലേറ്ററി കമ്മീഷന് ക.എസ്.ഇ.ബി നല്‍കിയ കണക്കില്‍ 1700 കോടിയുടെ നഷ്ടമുണ്ടെന്നാണ് വിവരിക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളയിനത്തില്‍ 3600 കോടിയോളം ചെലവ് വരുന്നു. വൈദ്യുതി വാങ്ങുന്ന ഇനത്തില്‍ 12000 കോടിയോളവും ചെലവുണ്ട്. ഇതെല്ലാം കണ്ടെത്തുന്നതിന് നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മാര്‍ഗമില്ലെന്നാണ് ജനത്തിനു മേല്‍ അതിഭാരം അടിച്ചേല്‍പ്പിച്ചുകൊണ്ട് സര്‍ക്കാര്‍ പറയുന്ന ന്യായം.
വ്യവസായ വകുപ്പിനു കീഴിലെ 18 പൊതുമേഖല സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക സംസ്ഥാന സര്‍ക്കാര്‍ എഴുതിത്തള്ളിയതോടെ ആ ബാധ്യത കൂടി ഉപഭോക്താക്കളുടെ തലയിലാകുമെന്ന ആശങ്കയുണ്ട്. കെ.എസ്.ഇ.ബി സര്‍ക്കാറിന് നല്‍കാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നല്‍കിയതിന്റെ ഭാഗമായാണ് പൊതുമേഖലാ സ്ഥാപന കുടിശിക ഒഴിവാക്കിയത്.
വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പറഞ്ഞു.
പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ ടി.ഒ.ഡി മീറ്റര്‍ നിരക്കിലേക്ക് മാറ്റും. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ക്കുള്ള ഫിക്‌സഡ് ചാര്‍ജ് 2024-25 വര്‍ഷം 40ല്‍നിന്ന് 45 രൂപയായും 2025-26 വര്‍ഷം 50 രൂപയായും ഉയരും. 50 യൂണിറ്റുവരെ ഉപയോഗമുള്ള സിംഗിള്‍ ഫേസ് ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജ് 2024-25 വര്‍ഷം 100ല്‍നിന്ന് 130 രൂപയായാണ് ഉയരുക. 51 യൂണിറ്റ് മുതല്‍ 100 യൂനിറ്റ് വരെ സിംഗിള്‍ ഫേസ് ഫിക്‌സഡ് ചാര്‍ജ് ഈ വര്‍ഷം 75 രൂപയും അടുത്തവര്‍ഷം 85 രൂപയുമാകും. 51 മുതല്‍ 100 യൂണിറ്റ് വരെ ത്രീഫേസ് എനര്‍ജി ചാര്‍ജ് ഇക്കൊല്ലം 160 രൂപയും അടുത്തവര്‍ഷം 175 രൂപയുമാകും. ആനുപാതിക വര്‍ധന എല്ലാ വിഭാഗത്തിലുമുണ്ടാകും.
വ്യവസായ മേഖലയുടെ താല്‍പര്യം കണക്കിലെടുത്ത് ശരാശരി ഒന്നു മുതല്‍ രണ്ട് ശതമാനം നിരക്ക് വര്‍ധനമാത്രമേ അംഗീകരിച്ചിട്ടുള്ളൂവെന്നും കമീഷന്‍ അറിയിച്ചു. സ്വകാര്യ ഹോസ്റ്റലുകളുടെ താരിഫില്‍ ശാരാശരി 30 ശതമാനം ഇളവും അനുവദിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേരളത്തിലെ സര്‍വകലാശാലകള്‍ നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്കുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിരക്കിലേക്ക് മാറ്റി.
സോളാര്‍ വൈദ്യുതി ലഭ്യത കണക്കിലെടുത്ത് പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ പകല്‍ സമയത്തെ നിരക്കില്‍ പത്ത് ശതമാനം കുറവുവരുത്തി. അഞ്ച് ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ചെറുകിട വ്യവസായ മേഖലയില്‍ പകല്‍ സമയത്തെ വൈദ്യുതി നിരക്കില്‍ 10 ശതമാനം കുറവുവരുത്തി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഉപയോഗിക്കുന്ന വൈദ്യുതിക്കാണ് കുറവ്. ഇതുവഴി ഒന്നരലക്ഷത്തോളം ചെറുകിട വ്യവസായികള്‍ക്ക് ബില്ലില്‍ കുറവുണ്ടാകുമെന്ന് റെഗുലേറ്ററി കമീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവക്കുമുള്ള നിലവിലെ വൈദ്യുതി നിരക്ക് തുടരും. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളില്‍ കാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നതിന് നിരക്ക് വര്‍ധനയില്ല. ഈ ആനുകൂല്യം ലഭിക്കാനുള്ള കണക്ടഡ് ലോഡിന്റെ പരിധി 1000 കിലോവാട്ടില്‍നിന്ന് 2000 കിലോവാട്ടാക്കി ഉയര്‍ത്തി. നേരത്തേ അപകടങ്ങളില്‍ അംഗവൈകല്യം ബാധിച്ചവര്‍ക്കും പോളിയോ ബാധിതര്‍ക്കും മാത്രമായിരുന്നു ഈ ആനുകൂല്യം.