by webdesk1 on | 06-12-2024 11:29:39
ന്യൂഡല്‍ഹി: പത്ത് വര്‍ഷമായി അധികാരത്തിന്റെ പിന്നാമ്പുറത്തേക്ക് തള്ളപ്പെട്ട കോണ്‍ഗ്രസ് ഇപ്പോഴൊരു വല്ലാത്ത മോഹത്തിലാണ്. അടുത്ത തവണയെങ്കിലും ഉത്തര്‍പ്രദേശ് പിടിക്കണം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും യോഗി ആദിത്യനാഥിനെ താഴെയിറക്കാന്‍ കഴിഞ്ഞില്ല. യഥാര്‍ഥ പോരായ്മ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി താഴേത്തട്ട് മുതല്‍ സംഘടനാ സംവിധാനം ഉടച്ച് വാര്‍ക്കാന്‍ നീക്കം ആരംഭിച്ചു കഴിഞ്ഞു.
ആദ്യഘട്ടമായി സംസ്ഥാന ഘടകം ഉള്‍പ്പെടെ എല്ലാ കമ്മിറ്റികളും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പിരിച്ചു വിട്ടു. സംസ്ഥാന, ജില്ല, സിറ്റി, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. അടുത്തതായി സംസ്ഥാന ഘടകം പുനഃസംഘടിപ്പിക്കും. തുടര്‍ന്ന് താഴത്തട്ടിലേക്കും പുനഃസംഘടന നടത്തും. ജാതി സമവാക്യങ്ങള്‍ കണക്കിലെടുത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കുന്നതിലാണു കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക. പാര്‍ട്ടിയെ അടിമുടി ശക്തിപ്പെടുത്താനാണ് നീക്കം.
2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം. 403 നിയമസഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ അധികാരം പിടിക്കുക ഇന്ത്യാ സഖ്യത്തിന്റെ അഭിമാന പ്രശ്‌നമാണ്. നിലവില്‍ കോണ്‍ഗ്രസിനു ദുര്‍ബല സാന്നിധ്യമുള്ള നിയമസഭാ സീറ്റുകളില്‍ ഈ പുനഃസംഘടന കാര്യമായ സ്വാധീനം ചെലുത്തുമെന്നു നേതാക്കള്‍ പ്രതീക്ഷ വയ്ക്കുന്നു.
യോഗി ആദിത്യനാഥ് ആദ്യം മുഖ്യമന്ത്രിയാകുന്ന 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. 2007 ല്‍ 22 സീറ്റും 2012 ല്‍ 29 സീറ്റും നേടിയിരുന്നിടത്താണിത്. 2022 ലേക്ക് എത്തിയപ്പോള്‍ വെറും രണ്ട് സീറ്റിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. പ്രിയങ്കഗാന്ധി നേരിട്ടെത്തി പ്രചാരണം നിയന്ത്രിച്ച തിരഞ്ഞെടുപ്പിലായിരുന്നു ഇത്രവലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടായത്. ഇവിടുന്ന് പിടിച്ചുകയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഘടനാ ഘടകങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്.