by webdesk1 on | 06-12-2024 10:36:18 Last Updated by webdesk1
പാലക്കാട്: പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിന് തൊട്ട് തലേന്ന് രണ്ട് മുസ്ലിം പത്രങ്ങളില്‍ വന്ന വിവാദ പരസ്യത്തില്‍ എല്‍.ഡി.എഫിന്റെ ന്യായീകരണം കേട്ട് തലതല്ലി ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പത്രപരസ്യത്തില്‍ വന്ന സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികള്‍ നല്‍കിയതെന്നാണ് വിശദീകരണം. സ്ഥാനാര്‍ഥിക്കോ എല്‍.ഡി.എഫിനോ ഇതില്‍ പങ്കില്ലെന്ന് എല്‍.ഡി.എഫ് ചീഫ് ഇലക്ഷന് ഏജന്റ് ആര്‍.ഡി.ഒക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
എന്നാല്‍ ആരാണ് ഈ `അഭ്യുദയകാംക്ഷികള്‍` എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ തലപുകഞ്ഞ് ആലോചിക്കുന്നത്. അങ്ങനെ ഒരു അഭ്യൂദകാംക്ഷിയുണ്ടെങ്കില്‍ അവരുടെ പേര് വെളിപ്പെടുത്താനും കമന്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്. ന്യായീകരണത്തിന്റെ പുതിയ വേര്‍ഷനാണെന്ന് പറയുന്നവരും കുറവല്ല. എന്തായാലും ന്യൂപക്ഷ വോട്ടില്‍ ഭിന്നിപ്പ് ലക്ഷ്യമിട്ട് വര്‍ഗീയ അജണ്ടയോടെ നല്‍കിയ പത്രപരസ്യം എല്‍.ഡി.എഫിന് തന്നെ തിരിച്ചടിയാകുന്നതായിരുന്നു മത്സരഫലം.
`ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം` എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ച് സമസ്ത ഇ.കെ വിഭാഗത്തിന്റെ സുപ്രഭാതത്തിലെയും എ.പി വിഭാഗത്തിന്റെ സിറാജിലെയും പാലക്കാട്ടെ എഡിഷനിലാണ് പരസ്യം വന്നത്. സ്ഥാനാര്‍ഥിയുടെ മേന്മകളും സര്‍ക്കാരിന്റെ വികസനങ്ങളും പറയുന്നതിനു പകരം സന്ദീപ് വാര്യരുടെ പഴയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് പത്രങ്ങളുടെ ഒന്നാം പേജില്‍ പരസ്യമായത്.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധം കേരളക്കരയാകെ ഉയര്‍ന്നു. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. സ്വന്തം മുന്നണിയിലെ രണ്ടാമത്തെ പ്രബലകക്ഷിയായ സി.പി.ഐ പോലും പത്രപരസ്യത്തെ തള്ളിപ്പറഞ്ഞു. ഇത് എല്‍.ഡി.എഫിന്റെ നയം അല്ലെന്നായിരുന്നു സി.പി.യുടെ പ്രതികരണം. എന്നാല്‍ സ്ഥാനാര്‍ഥി ഉള്‍പ്പടെ സി.പി.എമ്മിന്റെ നേതാക്കളെല്ലാവരും പത്രപരസ്യത്തെ ന്യായീകരിക്കുകയാണുണ്ടായത്.
പരസ്യത്തില്‍ അസത്യമായി ഒന്നും ഇല്ലെന്നും സോഷ്യല്‍ മീഡിയയില്‍ സന്ദീപ് വാര്യര്‍ പോസ്റ്റ് ചെയ്ത കാര്യങ്ങളാണ് പത്രപരസ്യമായി നല്‍കിയതെന്നും സ്ഥാനാര്‍ഥിയും സി.പി.എം പ്രതിനിധികളും ന്യായീകരിച്ചു. എന്നാല്‍ ഈ ന്യായീകരണങ്ങളെയെല്ലാം തള്ളിക്കളയുന്നതാണ് ഇന്നലെ ഇലക്ഷന്‍ ഏജന്റ് ആര്‍.ഡി.ഒക്ക് നല്‍കിയ വിശദീകരണം.
വിവാദ ഭാഗങ്ങളെക്കുറിച്ച് അറിയില്ലെന്നും ഭിന്നിപ്പ് ഉണ്ടാക്കുക ലക്ഷ്യമിട്ടിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. എല്‍.ഡി.എഫ് നല്‍കിയ പരസ്യത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.