by webdesk1 on | 06-12-2024 09:48:56
ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് രാജ്യ തലസ്ഥാനം വീണ്ടും വേദിയാകുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള കര്‍ഷക മാര്‍ച്ചുകള്‍ പുനരാരംഭിക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. ആദ്യഘട്ടമായി പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് തിരിക്കും.
കഴിഞ്ഞ എട്ട് മാസമായി പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭു അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. പിന്നാലെ മറ്റ് കര്‍ഷക സംഘടനകളും പ്രക്ഷോഭവുമായി രാജ്യ തലസ്ഥാനത്ത് വരും ദിവസങ്ങളിലെത്തും എത്തും.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കെട്ടടങ്ങിയ പ്രക്ഷോഭങ്ങളാണ് ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നത്. മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്. മാര്‍ച്ച് കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കനത്ത ബാരിക്കേഡിങ് നടത്തിയിട്ടുണ്ട്. അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച കര്‍ഷകരെ ശംഭുവിലും ഖനൗരിയിലും സുരക്ഷാ സേന തടഞ്ഞിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ കര്‍ഷകര്‍ അന്നു മുതല്‍ ശംഭു, ഖനൗരി അതിര്‍ത്തി പോയിന്റുകളില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ഈ സംഘമാണ് ഇന്ന് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
പതിവിന് വിപരീതമായി ഇത്തവണ ടാക്ടറുകള്‍ ഇല്ലാതെയാണ് മാര്‍ച്ച്. നാറോളം കര്‍ഷകര്‍ കാല്‍നടയായി ഡെല്‍ഹിയിലേക്ക് എത്തും. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയാറാകാത്തതാണ് പ്രക്ഷോഭം വീണ്ടും ആരംഭിക്കാന്‍ ഇടയാക്കിയതെന്ന് സമര നേതാക്കള്‍ പറയുന്നു. എന്നാല്‍ ഡെല്‍ഹി പോലീസിന്റെ അനുമതി ഇല്ലാത്തതിനാല്‍ മാര്‍ച്ച് ഡല്‍ഹി അര്‍ത്തിയില്‍ തടയാനാണ് പോലീസിന്റെ നീക്കം.
കര്‍ഷകര്‍ കടം എഴുതിത്തള്ളുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതിരിക്കുക എന്നിവയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. 2021 ലെ ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി, 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കുക, 2020-21 ലെ മുന്‍ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം എന്നിവയും അവര്‍ ആവശ്യപ്പെടുന്നുണ്ട്.