by webdesk1 on | 05-12-2024 09:27:53
പാരിസ്: ഇടതുപക്ഷത്തിനൊപ്പം തീവ്രവലതുപക്ഷവും ചേര്‍ന്നതോടെ അധികാരമേറ്റ് മൂന്ന് മാസം തികയും മുന്‍പ് ഫ്രഞ്ച് സര്‍ക്കാര്‍ വീണു. പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം ഭരണപക്ഷത്തെ തീവ്ര വലതുപക്ഷ ആശയം പേറുന്ന ഒരു വിഭാഗം പിന്തുണച്ചതോടെയാണ് പാസായത്. ആറു പതിറ്റാണ്ടിനിടെ ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഇദാത്യമായാണ് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അവിശ്വാസത്തിലൂടെ പുറത്താകുന്നത്.
ബജറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചത്. ഭരണപക്ഷത്തുള്ള പെന്നിന്റെ തീവ്ര വലതുപക്ഷ വിഭാഗം പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞു. ഭരണപക്ഷത്തെ തര്‍ക്കം രാഷ്ട്രീയ ആയുധമാക്കി ഇടത് ആശയമുള്ള പ്രതിപക്ഷ മുന്നണിയായ എന്‍.എഫ്.പി അവിശ്വാസം കൊണ്ടുവന്നു. പെന്നിന്റെ പാര്‍ട്ടിയുടെ പിന്തുണ പ്രതീക്ഷിച്ചു തന്നെയാണ് എന്‍.എഫ്.പി അവിശ്വാസം കൊണ്ടുവന്നത്. ഇവരുടെ പിന്തുണ നിരുപാധികം ലഭിച്ചതോടെ 331 വോട്ടിന്റെ ബലത്തില്‍ അവിശ്വാസം പാസായി. 288 വോട്ടുകളാണ് സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ വേണ്ടത്.
ഈ ആഴ്ച തന്നെ സാമൂഹ്യ സുരക്ഷ ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ നടന്ന വോട്ടെടുപ്പിനെ ബാര്‍ണിയ സര്‍ക്കാര്‍ അതിജീവിച്ചിരുന്നു. ഇപ്പോള്‍ ഭരണപക്ഷത്തെ അംഗങ്ങളുടെ പിന്തുണകൂടി ആര്‍ജിച്ചായിരുന്നു അട്ടിമറി. മൂന്ന് മാസം മുന്‍പാണ് ബാര്‍ണിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. അവിശ്വാസ പ്രമേയം പാസായതോടെ ബാര്‍ണിയയ്ക്കും സര്‍ക്കാരിനും ഉടന്‍ തന്നെ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ കണ്ട് രാജി കൈമാറും.
1962 ന് ശേഷം ഇതാദ്യമായാണ് കാലാവധി പൂര്‍ത്തിയാകും മുന്‍പ് ഫ്രാന്‍സില്‍ സര്‍ക്കാര്‍ നിലം പതിക്കുന്നത്. 1962 ല്‍ പ്രസിഡന്റ് ചാള്‍സ് ഡി ഗല്ലിന്റെ കീഴില്‍ ജോര്‍ജ് പോംപിഡോയുടെ സര്‍ക്കാരാണ് ഇതിനുമുന്‍പ് അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് വീണത്. പുതിയ സര്‍ക്കാരിനെ ഉടനടി നിയമിക്കുക എന്നത് മാക്രോണിന് മുന്നിലു്ള്ള വെല്ലുവിളി.