by webdesk1 on | 05-12-2024 08:12:14 Last Updated by webdesk1
കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈന്‍ ട്രാക്കിലാക്കാന്‍ ഡെല്‍ഹിയില്‍ ഏറെ പിടിയുള്ള കെ.വി. തോമസിനെ രാജ്യ തലസ്ഥാനത്ത് പ്രത്യേക പദ്ധവി നല്‍കി ഇരുത്തി നടത്തിയ ശ്രമങ്ങളൊന്നും വിജയം കാണുന്നില്ല. തന്നിഷ്ടപ്രകാരം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സൂചിപ്പിച്ചു കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ റെയില്‍) സമര്‍പ്പിച്ച ഡി.പി.ആര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തള്ളിയതോടെ മുഖത്തടിയേറ്റ അവസ്ഥയിലായിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
വന്‍ അബദ്ധങ്ങള്‍ നിറഞ്ഞതാണ് കേരളം സമര്‍പ്പിച്ച ഡി.പി.ആര്‍ എന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം. സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാന്‍ ആകില്ലെന്നും റെയില്‍വേ നിശ്ചയിച്ച മാനദണ്ഡപ്രകാരം ഡി.പി.ആര്‍ തയാറാക്കി പുതുക്കി സമര്‍പ്പിച്ചാല്‍ പരിഗണിക്കുന്നകാര്യം ആലോചിക്കാമെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വീണ്ടും അറിയിച്ചു.
എന്നാല്‍ റെയില്‍വേ നിശ്ചിയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം ഡി.പി.ആറില്‍ മാറ്റം വരുത്തിയാല്‍ അത് തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായേക്കുമെന്ന കാഴ്ചപ്പാടാണ് കേരളത്തിന്. അല്ലായിരുന്നുവെങ്കില്‍ ഇത്രയും നാള്‍ക്ക് ശേഷം സമര്‍പ്പിച്ച ഡി.പി.ആറും തള്ളിപ്പോകുമായിരുന്നില്ല. മാത്രവുമല്ല രാജ്യത്തിന് തന്നെ അഭിമാനമായ മെട്രോമാന്‍ ഇ.ശ്രീധരന്‍ മുന്നോട്ട് വച്ച് ഹൈസ്പീഡ് റെയില്‍ പദ്ധതി സര്‍ക്കാരിന് നടത്താമായിരുന്നു. അപ്പോള്‍ ജനത്തിന് വേഗത്തില്‍ സഞ്ചരിക്കുന്നതിനായുള്ള റെയില്‍ സംവിധാനമല്ല പകരം അതിന്റെ മറവില്‍ കണ്ണുവച്ചിട്ടുള്ള ചില കച്ചവട താല്‍പര്യങ്ങളായിരുന്നു സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും ലക്ഷ്യം.
സില്‍വര്‍ലൈന്‍ പദ്ധതിയേക്കാള്‍ ചിലവ് കുറഞ്ഞതും സാമൂഹ്യാഘാതം പരമാവധി ഇല്ലാതാക്കുന്നതുമായ പദ്ധതിയായിരുന്നു അന്ന് ഇ.ശ്രീധരന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ 430 കിലോമീറ്റര്‍ അതിവേഗപാത, സില്‍വര്‍ലൈനേക്കാള്‍ കുറഞ്ഞ ചിലവില്‍ നടത്താനാകുന്നതായിരുന്നു. നിലവിലുള്ള റെയില്‍വേ പാതയുടെ സമാന്തരമായി വരുന്ന പുതിയ പാതയായതിനാല്‍ തന്നെ റെയില്‍വേ ഏറ്റെടുത്തു വച്ചിട്ടുള്ള സ്ഥലം ഉപയോഗപ്പെടുത്താം. അപ്പോള്‍ സ്ഥലം ഏറ്റെടുക്കലും വീടുകള്‍ പൊളിച്ചു കളയുന്നതുമായ പ്രശ്ങ്ങള്‍ ഒഴിവാക്കാനാകും. എന്നാല്‍ ഈ പദ്ധതിയെ പാടേ തള്ളിക്കളഞ്ഞാണ് സില്‍വര്‍ലൈനുമായി സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തിന്റെ മുന്നില്‍പ്പോയി തിരിച്ചടിയേറ്റ് മടങ്ങേണ്ടി വന്നത്.
ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അതേ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് കേന്ദ്രം ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ട്രാക്ക് ബ്രോഡ്‌ഗേജില്‍ ആയിരിക്കണമെന്നും നിലവിലുള്ള റെയില്‍വേ ട്രാക്കുമായി ഇന്റഗ്രേറ്റ് ചെയ്തു വേണം ട്രാക്കുകള്‍ നിര്‍മിക്കാനെന്നും റെയില്‍വേ മന്ത്രാലയം നിര്‍ദേശിക്കുന്നു. ശ്രീധരന്‍ മുന്നോട്ടുവച്ചതും നിലവിലെ റെയില്‍വേ പാതയ്ക്ക് സമാന്തരമായുള്ള ബ്രോഡ്‌ഗേജ് പദ്ധതിയായിരുന്നു.
കോച്ചുകളില്‍ കൂട്ടിയിടി ഒഴിവാക്കാന്‍ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസല്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. കെ റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. നിര്‍മാണ ഘട്ടത്തിലും ജോലികള്‍ പൂര്‍ത്തിയായതിനുശേഷവും പൂര്‍ണമായ ഡ്രൈനേജ് സംവിധാനം വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പാതകള്‍ പരമാവധി റെയില്‍വേ ട്രാക്കിന് സമാന്തരമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. പൂര്‍ണമായി പാരിസ്ഥിതിക അനുമതി പദ്ധതിക്ക് വേണം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത കൈവരിക്കാവുന്ന തരത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നാണ് റെയില്‍വേയുടെ ആവശ്യം. ഇക്കാര്യം അംഗീകരിച്ചാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയു എന്ന നിലപാടാണ് റെയില്‍വേയ്ക്കുള്ളത്. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേരളം മുന്നോട്ട് വയ്്ക്കുന്നതാകട്ടെ പരമാവധി 130 കിലോമീറ്റര്‍ വേഗതയാണ്.
അതേസമയം റയില്‍വെ വികസനത്തിന് കേരള സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞു. സില്‍വര്‍ലൈനുവേണ്ടി ഉടമയുടെ അനുവാദമില്ലാതെ വീട്ടുമുറ്റത്തും അടുക്കളയിലുമൊക്കെ കെ റെയിലിന്റെ കുറ്റി നാട്ടിയ സര്‍ക്കാരിന് പാത ഇരട്ടിപ്പിക്കലിനും പുതിയ പാതകള്‍ക്കുമായി ഭൂമി ഏറ്റെടുത്ത് നല്‍കുന്നതില്‍ അലംഭാവമാണെന്ന നിലയിലും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി.