News Kerala

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വര്‍ണക്കടത്തില്‍ അറസ്റ്റില്‍; ബാലഭാസ്‌കറിന്റെ അപകട മരണം വീണ്ടും ചര്‍ച്ചയാകുന്നു

Axenews | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വര്‍ണക്കടത്തില്‍ അറസ്റ്റില്‍; ബാലഭാസ്‌കറിന്റെ അപകട മരണം വീണ്ടും ചര്‍ച്ചയാകുന്നു

by webdesk1 on | 29-11-2024 07:45:36

Share: Share on WhatsApp Visits: 68


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വര്‍ണക്കടത്തില്‍ അറസ്റ്റില്‍; ബാലഭാസ്‌കറിന്റെ അപകട മരണം വീണ്ടും ചര്‍ച്ചയാകുന്നു



തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ജീവന്‍ കവര്‍ന്ന അപകടത്തില്‍ കാറോടിച്ചിരുന്ന അര്‍ജുന്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റില്‍. ഞായറാഴ്ച പെരിന്തല്‍മണ്ണയില്‍ സ്വര്‍ണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണംകവര്‍ന്ന കേസില്‍ ആസൂത്രകനടക്കം ഒമ്പതുപേരാണ് അറസ്റ്റിലായത്. ഇതിലൊരാള്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറായ തൃശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തു മന അര്‍ജുന്‍ (28)ആണ്.

തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്‌കറിന്റെ ജീവനെടുത്ത വാഹനാപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് ലോബിയുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി തന്നെ ഇത്തരമൊരു ആരോപണം ഉയര്‍ത്തിയിരുന്നു. പോലീസിന് പിന്നാലെ സി.ബി.ഐ അന്വേഷിച്ചപ്പോഴും ഇത്തരമൊരു ബന്ധം കണ്ടെത്താനായില്ല. എന്നാല്‍ അന്ന് ആരോപണ വിധേയനായ അര്‍ജുന്‍ ഇപ്പോള്‍ മറ്റൊരു സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലാകുമ്പോള്‍ പഴയ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

അപകടം നടക്കുമ്പോള്‍ കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് വരുത്താനും അര്‍ജുന്‍ ശ്രമിച്ചിരുന്നു. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും മരണത്തിന് കീഴടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു അത്തരമൊരു മൊഴി അര്‍ജുന്‍ നല്‍കിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജീവന്‍ തിരിച്ചുകിട്ടിയ ലക്ഷ്മി അര്‍ജുനെതിരെ പോലീസിന് മൊഴി നല്‍കി. ഇതിന് ശേഷം ശാസ്ത്രീയ പരിശോധനകളിലൂടെ കാറോടിച്ചത് അര്‍ജുനാണെന്ന് കണ്ടെത്തി.

ബാലുവിന്റെ മാനേജര്‍ അടക്കം സ്വര്‍ണക്കടത്തില്‍ നേരത്തെ പിടിയിലായിട്ടുണ്ട്. ഇവരുടെ സ്വാധീനത്തിലാണ് അര്‍ജുന്‍ മൊഴി നല്‍കിയതെന്ന സംശയം അന്ന് ഉയര്‍ന്നിരുന്നു. ഈ ആരോപണം വീണ്ടും ചര്‍ച്ചയാക്കുകയാണ് ഇപ്പോഴുണ്ടായ ഈ അറസ്റ്റിലൂടെ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകളുടെയും മരണത്തിലേക്ക് നയിച്ച കാറപകടത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞവര്‍ഷമാണ്. ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ തുടരന്വേഷണത്തിന് ഉത്തരവിടുന്നതിലേക്ക് കോടതിയെ നയിച്ചത് കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില സംശയങ്ങളാണ്.

രണ്ട് പേര്‍ മരിക്കുന്നതിനും ഒരാള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുന്നതിനും ഇടയാക്കിയ അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന അര്‍ജുന്റെ പരിക്കാണ് കോടതി ചൂണ്ടിക്കാട്ടുന്ന ഒരു വിഷയം. 94 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ചിരുന്ന അര്‍ജുന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. എന്നിട്ടും താരതമ്യേന കുറഞ്ഞ പരിക്കുകളാണ് ഉണ്ടായത്. കാറിന്റെ മുന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നിട്ടും ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റ വിഷയവും കോടതി ചൂണ്ടിക്കാട്ടി.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് പള്ളിപ്പുറത്തുവച്ച് വാഹന അപകടത്തില്‍ ബാലഭാസ്‌ക്കറും മകളും മരിക്കുന്നത്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് അപകടം നടക്കുന്നത്. ഭാര്യ ലക്ഷമി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് ശേഷം ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം സ്വര്‍ണ കടത്തു കേസില്‍ പ്രതികളായതോടെയാണ് വിവാദമുയര്‍ന്നത്.

അപകട മരണമല്ല, ആസൂത്രിത കൊലപാതമെന്നായിരുന്നു ബാലഭാസ്‌ക്കറിന്റെ രക്ഷിതാക്കളുടെ ആരോപണം. അട്ടിമറിയില്ലെന്നും ഡ്രൈവര്‍ അര്‍ജുന്‍ അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെതിരെ ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐക്ക് സര്‍ക്കാര്‍ വിട്ടത്. ക്രൈം ബ്രാഞ്ച് കണ്ടത്തലുകളെ ശരിവയ്ക്കുന്നതായിരുന്നു സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ടും. എന്നാല്‍ പിതാവിന്റെ ഹര്‍ജിയില്‍ വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment