by webdesk1 on | 28-11-2024 01:16:52
ന്യൂജേഴ്സി: ഊബര്‍ ഈറ്റ്സ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത സ്ത്രീക്ക് ലഭിച്ചത് കഞ്ചാവ്. കാംഡന്‍ കൗണ്ടിയിലെ വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പിലാണ് സംഭവം. ബറീറ്റോ എന്ന വിഭവം ഓര്‍ഡര്‍ ചെയ്ത വനിതാ ഡ്രൈവര്‍ക്കാണ് പകരം കഞ്ചാവ് ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
ബറീറ്റോ, സൂപ്പ്, വാട്ടര്‍ ബോട്ടില്‍ എന്നിവയായിരുന്നു ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ഭക്ഷണ പാക്കറ്റില്‍ അസാധാരണമായ മണം ശ്രദ്ധയില്‍ പെട്ടു. ബറീറ്റോ പൊതിയുന്നതിന് സമാനമായാണ് കഞ്ചാവും പൊതിഞ്ഞിരുന്നത്. തുടര്‍ന്ന് വനിതാ ഡ്രൈവര്‍ പോലീസിനെ വിവരമറിയിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഊബര്‍ ഈറ്റ്സ് ഡെലിവറി സംവിധാനം ദുരുപയോഗം ചെയ്ത് മയക്കുമരുന്നുകള്‍ കൈമാറ്റം നടക്കുന്നതായി പോലീസ് പറഞ്ഞു. മരുന്ന്, ലഹരിപദാര്‍ത്ഥങ്ങള്‍, മദ്യം എന്നിവ ഡെലിവറി ചെയ്യുന്നത് ഊബര്‍ ഈറ്റ്സിന്റെ നയപ്രകാരം നിയമവിരുദ്ധമാണ്. സംഭവം കൃത്യമായി അധികൃതരെ അറിയിച്ച വനിതാ ഡ്രൈവറെ ഊബര്‍ ഈറ്റ്സ് അഭിനന്ദിച്ചു. സംശയാസ്പദമായ ഡെലിവറികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് മറ്റ് ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.