by webdesk1 on | 28-11-2024 12:59:35
തിരുവനന്തപുരം: കെ.എസ്.ഇ.ബിയില്‍ നടക്കുന്ന വന്‍ ദൂര്‍ത്തിന്റെയും അമിത ചിലവിന്റെയും കണക്കുകയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശരാശരി 150 കോടി മാത്രം മാസവരുമാനമുള്ള കെ.എസ്.ഇ.ബിയില്‍ ഒരു മാസത്തെ ചിലവ് ആകട്ടെ 1950 കോടിയാണ്. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പടെയുള്ള കണക്കാണിത്. ഓരോ മാസവും വൈദ്യുതിവാങ്ങാന്‍ 900 കോടിരൂപ വേണം. വായ്പ തിരിച്ചടയ്ക്കാന്‍ 300 കോടിയും. കെ.എസ്.ഇ.ബി.യുടെ ദൈനംദിനചെലവുകള്‍ക്കായി മാസം 400 കോടിവരെ വലിയ പലിശയ്ക്ക് ഓവര്‍ ഡ്രാഫ്റ്റ് എടുക്കേണ്ട അവസ്ഥയിലാണ് സ്ഥാപനം മുന്നോട്ട് നീങ്ങുന്നതെന്നും ചെയര്‍മാന്‍ ഡോ. ബിജു പ്രഭാകര്‍ വ്യക്തമാക്കി.
രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയും ആസൂത്രണമില്ലായ്മയും കാരണം കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആര്‍.ടി.സി.യായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. മഴക്കാലത്തുതന്നെ പലപ്പോഴും വൈദ്യുതിലഭ്യത കുറയുന്നു. ഇതാണ് സ്ഥിതിയെങ്കില്‍ വരുംവര്‍ഷങ്ങളില്‍ കേരളം ഇരുട്ടിലാവുമെന്നതില്‍ സംശയംവേണ്ട. പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുക, സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതികള്‍ അതിവേഗം നടപ്പാക്കുക എന്നിങ്ങനെയുള്ള നയപരമായ മാറ്റങ്ങളില്ലാതെ കെ.എസ്.ഇ.ബി.യെ രക്ഷിക്കാനാവില്ല.
ഇത്തവണ മഴക്കാലമായ ജൂണ്‍ മുതല്‍ ഇതുവരെ മൂന്നുദിവസം 500 മെഗാവാട്ടിന്റെയും ഒരുദിവസം ആയിരം മെഗാവാട്ടിന്റെയും കുറവുണ്ടായി. വളരെയധികം മഴലഭിച്ച ഈ വര്‍ഷത്തെസ്ഥിതി ഇതാണെങ്കില്‍ വരുംവര്‍ഷങ്ങളില്‍ കേരളം ഇരുട്ടിലാവുമെന്ന കാര്യത്തില്‍ സംശയമില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള ചെലവ് ഈ വര്‍ഷം 14,000 കോടി രൂപയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിന്യൂവബിള്‍ പവര്‍ കോര്‍പ്പറേഷന്‍ എന്ന നിലവിലെ കമ്പനിയെ കേരള സ്റ്റേറ്റ് ഗ്രീന്‍ എനര്‍ജി കമ്പനിയെന്ന് മാറ്റി കെ.എസ്.ഇ.ബി ജീവനക്കാരില്‍നിന്നും വ്യാവസായിക ഉപഭോക്താക്കളില്‍നിന്നും ജനങ്ങളില്‍നിന്നും നിക്ഷേപങ്ങളും കടപ്പത്രങ്ങളും സ്വീകരിക്കണം. ഇതിന് സിയാല്‍ മാതൃകയിലുള്ള പൊതുജന പങ്കാളിത്ത കമ്പനിയാക്കണം. നിക്ഷേപങ്ങള്‍ക്ക് മൂന്നാംവര്‍ഷം മുതല്‍ ലാഭവിഹിതം നല്‍കാം.
കെ.എസ്.ഇ.ബി.യില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി ഓഫീസര്‍മാരുടെ സംഘനകള്‍ക്ക് നല്‍കിയ കരട് നിര്‍ദേശങ്ങളിലാണ് ഈ പരാമര്‍ശങ്ങള്‍. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ പരിഷ്‌കരണനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ജീവനക്കാരുടെ പുനര്‍വിന്യാസത്തില്‍ ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംഘടനകള്‍ക്ക് ഡിസംബര്‍ 10 വരെ സമയംനല്‍കി.