News Kerala

സര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല: മുകേഷിനും ജയസൂര്യയ്ക്കും എതിരായ പീഡന പരാതി പിന്‍വലിക്കുന്നവെന്ന് പരാതിക്കാരി; തനിക്കെതിരെ കേസ് കെട്ടിച്ചമച്ചെന്നും ആക്ഷേപം

Axenews | സര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല: മുകേഷിനും ജയസൂര്യയ്ക്കും എതിരായ പീഡന പരാതി പിന്‍വലിക്കുന്നവെന്ന് പരാതിക്കാരി; തനിക്കെതിരെ കേസ് കെട്ടിച്ചമച്ചെന്നും ആക്ഷേപം

by webdesk1 on | 22-11-2024 02:55:16

Share: Share on WhatsApp Visits: 53


സര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല: മുകേഷിനും ജയസൂര്യയ്ക്കും എതിരായ പീഡന പരാതി പിന്‍വലിക്കുന്നവെന്ന് പരാതിക്കാരി; തനിക്കെതിരെ കേസ് കെട്ടിച്ചമച്ചെന്നും ആക്ഷേപം


കൊച്ചി: നടന്മാരായ മുകേഷ് എംഎല്‍എയ്ക്കും ജയസൂര്യയ്ക്കും എതിരെ ഉന്നയിച്ച പീഡന പരാതിയില്‍ പിന്മാറുന്നുവെന്ന് പരാതിക്കാരിയായ നടി. കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ കത്ത് അയക്കും. തനിക്ക് സര്‍ക്കാരില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും പോലീസ് വൈരാഗ്യപരമായി തനിക്കെതിരെ കേസ് ചുമത്തിയെന്നും നടി ആരോപിച്ചു.

അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ല. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ പോക്‌സോ കേസ് കെട്ടിച്ചമച്ചത്. ഇതില്‍ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്നും അതിനാല്‍ തന്നെ ഇനിയും നടന്‍മാര്‍ക്കെതിരായ പരാതിയുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്നും നടി വ്യക്തമാക്കി.

മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര നടന്‍മാര്‍ക്ക് എതിരെയാണ് ആലുവ സ്വദേശിനിയായ നടി പരാതി നല്‍കിയത്. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് താന്‍ രംഗത്ത് വന്നതെന്നും നടി പറഞ്ഞിരുന്നു. ഇനിയും അഡ്ജസ്റ്റ്മന്റ് ചോദിച്ചു ഒരു പെണ്‍കുട്ടിയോടും ആരും രംഗത്ത് വരരുത് എന്നായിരുന്നു ലക്ഷ്യം. എന്നിട്ടും എനിക്കെതിരായ കേസ് തെളിയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പോക്‌സോ കേസ് കള്ളക്കേസാണെന്ന് അറിഞ്ഞിട്ടും ആ സ്ത്രീയെയോ അവളുടെ പിറകിലുള്ളവരെയോ പിടിക്കാന്‍ ശ്രമിക്കുന്നുമില്ലെന്നും അവര്‍ ആരോപിക്കുന്നു.

മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. മുതിര്‍ന്ന നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും യുവതാരം ജയസൂര്യക്ക് എതിരെയും നടി പീഡന പരാതി ഉന്നയിച്ചിരുന്നു.

കേസില്‍ പരാതിക്കാരിയുടെ നിലപാട് എന്ത് തന്നെയായാലും അന്വേഷണത്തെ ബാധിക്കില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്ക് എതിരായ അന്വേഷണം അവസാന ഘട്ടത്തില്‍ ആണെന്നും എസ്‌ഐടി ചൂണ്ടിക്കാണിക്കുന്നു. അന്വേഷണവുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.


Share:

Search

Recent News
Popular News
Top Trending


Leave a Comment