by webdesk1 on | 18-11-2024 08:30:17
പലക്കാട്: പലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ക്ക് സമാപ്തി കുറിച്ച് ഇന്ന് കലാശക്കൊട്ട്. ഒരു മാസം നീണ്ട പരസ്യ പ്രചരണങ്ങള്‍ക്കാണ് ഇന്ന് പരിസമാപ്തിയാകുന്നത്. സ്റ്റേഡിയം ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് മൂന്ന് മുന്നണികളുടേയും കൊട്ടിക്കലാശ സമാപനം. ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചരണങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഇന്ന് സമാപനമാകും.
യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കുട്ടത്തിലിന്റെ റോഡ് ഷോ രണ്ടു മണിക്ക് ഒലവക്കോട് നിന്നും ആരംഭിക്കും. പേഴുംകര, മേഴ്‌സി കോളേജ്, തിരുനെല്ലായി, കെഎസ്ആര്‍ടിസി, ഐ.എം.എ, നിരഞ്ജന്‍ റോഡ് എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് സ്റ്റേഡിയം റോഡില്‍ സമാപിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്റെ റോഡ് ഷോ നാല് മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയപരിസരത്ത് നിന്നും ആരംഭിച്ച് നഗരം ചുറ്റി ബസ് സ്റ്റാന്റില്‍ സമാപിക്കും. സി.കൃഷ്ണകുമാറിന്റെ പ്രചരണ പരിപാടി രണ്ട് മണിക്ക് മേലാമുറി മാര്‍ക്കറ്റില്‍ നിന്നും ആരംഭിച്ച് ബി.ജെ.പി ശക്തി കേന്ദ്രങ്ങളിലൂടെ കടന്ന് ബസ്റ്റാന്റിന് സമീപത്തെ കല്‍മണ്ഡപം റോഡില്‍ സമാപിക്കും.
വീറും വാശിയും അത്രയേറെ ഏറി നില്‍ക്കുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ഇന്ന് നഗരത്തില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇരട്ട വോട്ട് ആരോപണം ശക്തമാക്കുന്ന എല്‍.ഡി.എഫ് ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് രാവിലെ 10 ന് കളക്ട്രേറ്റ് മാര്‍ച്ചും നടത്തും. മണ്ഡലത്തില്‍ യു.ഡി.എഫും ബി.ജെ.പിയും 2700 ഓളം ഇരട്ടവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമാണ് എല്‍.ഡി.എഫ് ആവശ്യം.
മൂന്ന് മുന്നണികളും തികഞ്ഞ വിജയ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന മണ്ഡലം പ്രചരണത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് പുലര്‍ത്തിയത്. പ്രചരണത്തിന്റെ ചൂട് വോട്ടെടുപ്പില്‍ തട്ടിയോ എന്ന് അറിയാം 23 വരെ കാത്തിരിക്കണം. 2011 മുതല്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും കഴിഞ്ഞ തവണ മെട്രോമാന്‍ ഇ.ശ്രീധരനിലൂടെ നടത്തിയ മുന്നേറ്റമാണ് ഇത്തവണ ബി.ജെ.പിയുടെ പ്രതീക്ഷകളും വര്‍ധിപ്പിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ അതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്ന പി.സരിന്‍ ഇടയുന്നതുമാണ് പാലക്കാട് അങ്കത്തില്‍ ജനം കണ്ട ഇന്‍ട്രോ സീന്‍. അധികം വൈകാതെ തന്നെ അദ്ദേഹം പാര്‍ട്ടിയും മുന്നണിയും വിട്ട് ഇടത് പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി. ബി.ജെ.പിയിലും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കങ്ങള്‍ ശക്തമായിരുന്നെങ്കിലും അതൊന്നും പുറത്തേക്ക് അത്ര വ്യക്തമായി എത്തിയില്ലെന്നതാണ് സത്യം
ക്ലൈമാക്‌സിന് തൊട്ടുമുമ്പ് എതിര്‍പക്ഷത്തേക്ക് പാളയത്തിലേക്ക് മാറുന്ന സന്ദീപ് വാര്യറുടെ കോണ്‍ഗ്രസ് പ്രവേശനം. ഒടുവില്‍ ഇന്ന് കൊട്ടിക്കലാശവും കഴിഞ്ഞ് ബുധനാഴ്ച തിരഞ്ഞെടുപ്പ്. ക്ലൈമാക്‌സില്‍ ജനം ഒളുപ്പിച്ചുവെച്ച ട്വിസ്റ്റ് എന്തെന്ന് അറിയാന്‍ 23 വരെ നീണ്ട് നില്‍ക്കുന്ന കാത്തിരിപ്പ്. അപ്പോള്‍ അറിയാം പാലക്കാടെ യഥാര്‍ത്ഥ ജനനായകന്‍ ആരെന്ന്.