News Kerala

കള്ളപ്പണം, പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ രാത്രി പരിശോധന; സ്ത്രീകളടക്കമുള്ളവരുടെ ബാഗ് തുറന്നു പരിശോധിച്ചു; ഹോട്ടലിന് പുറത്ത് വന്‍ സംഘര്‍ഷം

Axenews | കള്ളപ്പണം, പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ രാത്രി പരിശോധന; സ്ത്രീകളടക്കമുള്ളവരുടെ ബാഗ് തുറന്നു പരിശോധിച്ചു; ഹോട്ടലിന് പുറത്ത് വന്‍ സംഘര്‍ഷം

by webdesk1 on | 06-11-2024 07:30:45 Last Updated by webdesk1

Share: Share on WhatsApp Visits: 67


കള്ളപ്പണം, പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ രാത്രി പരിശോധന; സ്ത്രീകളടക്കമുള്ളവരുടെ ബാഗ് തുറന്നു പരിശോധിച്ചു; ഹോട്ടലിന് പുറത്ത് വന്‍ സംഘര്‍ഷം


പാലക്കാട്: ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് അര്‍ധരാത്രി പാലക്കാട്ടെ ഹോട്ടലില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലേക്കു പോലീസ് ഇടിച്ചുകയറി. വനിതാ ഉദ്യോഗസ്ഥരില്ലാതെ എത്തിയ പോലീസ് സംഘത്തെ ആദ്യം തടഞ്ഞു മടക്കി അയച്ചെങ്കിലും അരമണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ചു പരിശോധന പൂര്‍ത്തിയാക്കി. പക്ഷേ, ഒന്നും കണ്ടെത്താനായില്ല.

12 മുറികള്‍ പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ലെന്ന് എ.എസ്.പി. അശ്വതി ജിജി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുല്‌ള പതിവ് നടപടി ക്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയാണ്. പരിശോധനയ്ക്ക് തടസമൊന്നും ഉണ്ടായില്ല. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ടെന്നും എ.സി.പി പറഞ്ഞു.

രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. ഷാനിമോള്‍ ഉസ്മാന്‍ താമസിക്കുന്ന മുറിയിലേക്കു മുന്നറിയിപ്പോ വ്യക്തതയോ നല്‍കാതെ പരിശോധിക്കാന്‍ കയറി. ഉദ്യോഗസ്ഥരില്‍ ചിലര്‍ മഫ്തിയിലായിരുന്നതിനാല്‍ ഷാനിമോള്‍ ഭയന്ന് മുറിയില്‍നിന്നു പുറത്തേക്കിറങ്ങി. ഇതിനു പിന്നാലെ ബിന്ദുകൃഷ്ണയും ഭര്‍ത്താവ് കൃഷ്ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്ഥര്‍ കയറാന്‍ ശ്രമിച്ചു. ഇതോടെ രണ്ടു മുറികളും പൂട്ടി ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും പുറത്ത് ഇറങ്ങി നിന്നു.

ഇവരുടെ ആവശ്യ പ്രകാരം വനിതാ ഉദ്യോഗസ്ഥരെത്തി സാധന സാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതിനിടെ പുറത്ത് സി.പി.എം, ബി.ജെ.പി നേതാക്കള്‍ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലില്‍ വലിയ സംഘര്‍ഷാവസ്ഥയായി. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി.

എംപിമാരായ വി.കെ. ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ എന്നിവരും ജ്യോതികുമാര്‍ ചാമക്കാല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും പുറത്തു കാത്തു നിന്ന ബി.ജെപ.ി, സി.പി.എം നേതാക്കളെയും അകത്തേക്കു കയറ്റി വിട്ടില്ല. തുടര്‍ന്നു വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി.

എല്‍.ഡി.എഫിലെ എ.എ. റഹീം എംപിയും മറ്റും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പോലീസിനോടു തര്‍ക്കിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വലിയ തോതില്‍ പണംകൊണ്ടുവന്നുവെന്നും അത് തിരിച്ചുകടത്താന്‍ ശ്രമം നടന്നെന്നും റഹീം പറഞ്ഞു. സമഗ്രമായ അന്വേഷണം വേണം. പോലീസ് പരിശോധന സജീവമാക്കിയ സമയത്ത് കോണ്‍ഗ്രസിന്റെ രണ്ട് എം.പിമാര്‍ അക്രമം അഴിച്ചുവിട്ടുവെന്നും റഹീം പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയുമായ ഫെനി എന്നയാളാണ് ഹോട്ടലിലേക്ക് സ്യൂട്ട്കേസുമായി എത്തിയതെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു. വെല്‍ഫയര്‍ വണ്ടിയിലാണ് സ്യൂട്കേസ് വന്നത്. സി.സി.ടി.വി പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ കണ്ടെത്താനാകും. സംഘര്‍ഷസാഹചര്യമുണ്ടാക്കി രക്ഷപ്പെടാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തിയത്. പണം മാറ്റുവാനുള്ള എല്ലാ സാഹചര്യവും പോലീസ് ഉണ്ടാക്കിയെന്നും പ്രഫുല്‍ കൃഷ്ണ പറഞ്ഞു. പോലീസ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഓടിക്കിതച്ച് കോഴിക്കോട് എത്താനുള്ള സമയം കൊടുത്തുവെന്നും ബി.ജെ.പി. നേതാവ് വി.വി. രാജേഷും സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും ആരോപിച്ചു.

Share:

Search

Recent News
Popular News
Top Trending


Leave a Comment