News Kerala

തൂഫാന്‍ വാരിയറായി കാന്തപുരം ഉസ്താദ്; ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Axenews | തൂഫാന്‍ വാരിയറായി കാന്തപുരം ഉസ്താദ്; ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

by webdesk2 on | 20-06-2026 10:31:19 Last Updated by webdesk2

Share: Share on WhatsApp Visits: 4


തൂഫാന്‍ വാരിയറായി കാന്തപുരം ഉസ്താദ്; ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാന്‍ ജനകീയ മുന്നേറ്റമാക്കാന്‍ പ്രമുഖ മതനേതാക്കളുടെ പിന്തുണയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെയും നേരിട്ടുകണ്ട് രമേശ് ചെന്നിത്തല തൂഫാന്‍ വാരിയര്‍ ബാഡ്ജ് ധരിപ്പിച്ചു. കേരളത്തെ കാര്‍ന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും പദ്ധതിയില്‍ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിമുക്ത കേരളം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണെന്നും സര്‍ക്കാരിന്റെ ഈ വലിയ പദ്ധതി തികച്ചും സ്വാഗതാര്‍ഹമാണെന്നും ബാഡ്ജ് ധരിച്ച ശേഷം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിച്ചു. ജാതി മത ഭേദമന്യേ എല്ലാവരും ഈ പദ്ധതിയുടെ ഭാഗമാകണം. പള്ളികളിലടക്കം ലഹരിവിരുദ്ധ ബോധവത്കരണം നടത്തുന്ന കാര്യം സംഘടനയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും, ലഹരിമുക്ത പോരാട്ടം വിജയത്തിലെത്തിക്കാന്‍ എല്ലാവരെയും തൂഫാന്‍ വാരിയര്‍ ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്തപുരത്തിന്റെ പിന്തുണ പദ്ധതിക്ക് വലിയ കരുത്താകുമെന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രി, ഓപ്പറേഷന്‍ തൂഫാന്റെ പ്രചാരണം ഹിന്ദി, ഇംഗ്ലീഷ്, കന്നഡ അടക്കമുള്ള ഇതര ഭാഷകളിലും വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നായാണ് ഓപ്പറേഷന്‍ തൂഫാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ലോക ലഹരിവിരുദ്ധ ദിനമായ ഈ മാസം 26-ന് സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എല്ലാ വിദ്യാലയങ്ങളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും, സ്‌കൂളുകളില്‍ തൂഫാന്‍ പതാക ഉയര്‍ത്തി വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്യും. എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനൊപ്പം താനും പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. പൊലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടക്കുന്ന കര്‍ശന പരിശോധനകളും റെയ്ഡുകളും ഉള്‍പ്പെടുന്ന തൂഫാന്‍ സ്‌ട്രൈക്‌സ് ആണ് ഒന്നാം ഘട്ടം. 17 ദിവസങ്ങള്‍ പിന്നിട്ട ഈ ഘട്ടത്തില്‍ ഇതിനകം തന്നെ 15 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുകളും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിക്കഴിഞ്ഞു. സമൂഹത്തിലെ ഓരോ വ്യക്തിയെയും ലഹരിക്കെതിരായ പോരാളിയാക്കി മാറ്റുന്ന തൂഫാന്‍ വാരിയര്‍ ആണ് രണ്ടാമത്തെ ഘട്ടം. ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന തൂഫാന്‍ കെയര്‍ ആണ് മൂന്നാം ഘട്ടം.

മയക്കുമരുന്ന് മാഫിയക്കെതിരെ അതിശക്തമായ മുന്നറിയിപ്പാണ് ആഭ്യന്തരമന്ത്രി നല്‍കിയത്. ഇത് കുറച്ചുദിവസത്തെ പ്രഹസനമാണെന്ന് ലഹരി മാഫിയ കരുതേണ്ടെന്നും, അവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ ഈ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കായി ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി കേരളം ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടണമെന്നും, സമസ്തയും കാന്തപുരവുമടക്കമുള്ള വലിയ പ്രസ്ഥാനങ്ങളുടെ പിന്തുണ സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment