News Kerala

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളിക്കേസില്‍ പത്മകുമാറിന് ജാമ്യം

Axenews | ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളിക്കേസില്‍ പത്മകുമാറിന് ജാമ്യം

by webdesk2 on | 20-02-2026 11:17:07 Last Updated by webdesk3

Share: Share on WhatsApp Visits: 9


ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളിക്കേസില്‍ പത്മകുമാറിന് ജാമ്യം

കൊല്ലം:  സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ.പത്മകുമാറിന് ശബരിമലയിലെ കട്ടിളപ്പാളികള്‍ കടത്തിയ കേസില്‍ ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍, ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ച കേസില്‍ കൂടി പ്രതിയായ പത്മകുമാറിന് ആ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ നിലവില്‍ ജയില്‍ മോചിതനാകാന്‍ കഴിയില്ല.

2025 നവംബര്‍ 20-നായിരുന്നു പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം (SIT) അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലെ എട്ടാം പ്രതിയായ പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് സ്വര്‍ണ്ണക്കൊള്ള നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബോര്‍ഡ് പുലര്‍ത്തിയ ദുരൂഹമായ അലംഭാവം ആസൂത്രിതമാണെന്നും സ്വര്‍ണ്ണാപഹരണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധമുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു.

പത്മകുമാറിന് പുറമെ 2019-ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്ന സിപിഐ നേതാവ് കെ.പി. ശങ്കരദാസ്, സിപിഎം പ്രതിനിധി എന്‍. വിജയകുമാര്‍ എന്നിവരെയും കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പത്മകുമാറിന് പിന്നാലെ ദേവസ്വം പ്രസിഡന്റായ എന്‍. വാസുവും കേസില്‍ അറസ്റ്റിലായിരുന്നു. ശബരിമലയിലെ അതീവ സുരക്ഷയുള്ള ഭാഗങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയത് ഉന്നതതലത്തിലുള്ള ഒത്തുകളിയാണെന്നാണ് വിജിലന്‍സ് നിരീക്ഷണം.

ഈ കേസിലെ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, തന്ത്രി കണ്ഠര് രാജീവര്, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ്. ബൈജുവിനും കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും, പത്മകുമാറിനെപ്പോലെ തന്നെ ദ്വാരപാലക ശില്‍പ കേസിലെ കുരുക്ക് കാരണം അദ്ദേഹത്തിനും പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല.






Share:

Search

Recent News
Popular News
Top Trending


Leave a Comment