by webdesk1 on | 09-10-2024 11:03:16 Last Updated by webdesk1
കൊച്ചി: നവകേരള സദസിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടികൊണ്ട് മര്‍ദ്ദിച്ചത് രക്ഷാപ്രവര്‍ത്തനം ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണത്തിന് കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. വിവാദ പരാമര്‍ശത്തിന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം സി.ജെ.എം കോടതി ഉത്തരവിട്ടു. എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിച്ചാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ മര്‍ദനത്തെ രക്ഷാ പ്രവര്‍ത്തനമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. ഈ ന്യായീകരണം കുറ്റകൃത്യം തുടരാനുള്ള പ്രേരണയായെന്നും ഷിയാസിന്റെ സ്വകാര്യ അന്യായത്തില്‍ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസിനോടും കോടതിയോടും എന്ത് ന്യായമാകും മുഖ്യമന്ത്രിക്ക് പറയാനുള്ളത് എന്നാണ് ഇനിയറിയേണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം വ്യാപകമായി പ്രചരിച്ചപ്പോഴും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനം ആയിരുന്നുവെന്ന നിലപാടില്‍ തന്നെയായിരുന്നു മുഖ്യമന്ത്രി.
കരിങ്കോടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാരകമായി ആക്രമിക്കുന്നതിന്റെ വിവരണം മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ ശദ്ധയില്‍പ്പെടുത്തിയപ്പോഴും മുന്‍ നിലപാടില്‍ നിന്ന് മാറാന്‍ അദ്ദേഹം തയാറായില്ല. ഇപ്പോള്‍ കോടതി നേരിട്ട് ഇടപെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാടില്‍ ഉറച്ച് നില്‍ക്കുമോയെന്നാണ് കണ്ടറിയേണ്ടത്.