News Kerala

അന്വേഷണത്തോട് സഹകരിക്കാതെ രാഹുല്‍; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Axenews | അന്വേഷണത്തോട് സഹകരിക്കാതെ രാഹുല്‍; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

by webdesk2 on | 15-01-2026 06:21:23

Share: Share on WhatsApp Visits: 6


അന്വേഷണത്തോട് സഹകരിക്കാതെ രാഹുല്‍; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി പത്തനംതിട്ട എആര്‍ ക്യാമ്പില്‍ പ്രത്യേക അന്വേഷണ സംഘം രാഹുലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും അദ്ദേഹം അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കാത്തത് പോലീസിന് തിരിച്ചടിയായിട്ടുണ്ട്. തന്റെ ഡിജിറ്റല്‍ ഉപകരണങ്ങളായ മൊബൈല്‍ ഫോണുകളുടെ പാസ്വേഡ് കൈമാറാനോ, ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ളവ എവിടെയാണെന്ന് വെളിപ്പെടുത്താനോ അദ്ദേഹം തയ്യാറായിട്ടില്ല. പാസ്വേഡ് നല്‍കിയാല്‍ അതിലുള്ള തനിക്ക് അനുകൂലമായ തെളിവുകള്‍ പോലീസ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കുന്ന വിശദീകരണം.

അന്വേഷണത്തിന്റെ ഭാഗമായി രാഹുലിന്റെ അടൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഡിജിറ്റല്‍ തെളിവുകളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന്, പരാതിക്കാരിയായ പ്രവാസി മലയാളി യുവതിയുടെ മൊഴിപ്രകാരം കുറ്റകൃത്യം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലില്‍ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. യുവതിയുമായി ഹോട്ടലില്‍ എത്തിയ കാര്യം രാഹുല്‍ സമ്മതിച്ചതായാണ് വിവരം.

ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, രാഹുലിന്റെ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൂടുതല്‍ തെളിവെടുപ്പിനായി അദ്ദേഹത്തെ പാലക്കാട്ടെത്തിക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിക്കും. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment