News Kerala

ഹസ്തദാനം ചെയ്താല്‍ വ്യഭിചാരം!, വിചിത്ര നിയമ വ്യാഖ്യാനത്തിനെതിരെ വാളെടുത്ത് ഹൈക്കോടതി; കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

Axenews | ഹസ്തദാനം ചെയ്താല്‍ വ്യഭിചാരം!, വിചിത്ര നിയമ വ്യാഖ്യാനത്തിനെതിരെ വാളെടുത്ത് ഹൈക്കോടതി; കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

by webdesk1 on | 08-10-2024 08:44:08

Share: Share on WhatsApp Visits: 102


ഹസ്തദാനം ചെയ്താല്‍ വ്യഭിചാരം!, വിചിത്ര നിയമ വ്യാഖ്യാനത്തിനെതിരെ വാളെടുത്ത് ഹൈക്കോടതി; കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


കൊച്ചി: മറ്റെരു പുരുഷനെ സ്പര്‍ശിച്ചതുവഴി വ്യഭിചാരം ചെയ്‌തെന്ന വിചിത്ര വാദം നടത്തി സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച ആള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ധനമന്ത്രിയായിരിക്കെ ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയതുവഴി വിദ്യാര്‍ഥിനി മുസ്ലിം വ്യക്തിനിയമം ലംഘിച്ചെന്നും മുതിര്‍ന്ന പെണ്‍കുട്ടി മറ്റൊരു പുരുഷനെ സ്പര്‍ശിക്കുന്നതുവഴി വ്യഭിചാരം ചെയ്‌തെന്നും പരാമര്‍ശിച്ചാണ് മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുല്‍ നൗഷാദ് സമൂഹമാധ്യമത്തിലൂടെ വിഡിയോ പ്രചരിപ്പച്ചത്.

കലാപത്തിന് ശ്രമിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം നിയമ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കോഴിക്കോട് കുന്നമംഗലം പോലീസ് അബ്ദുല്‍ നൗഷാദിനെതിരെ കേസ് എടുത്തു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ബഞ്ച് തള്ളിയത്.

നൂറ്റാണ്ടുകളായുള്ള മതാചാരങ്ങളോട് യോജിപ്പോ വിയോജിപ്പോ കാണിക്കാനുള്ള അവകാശം എല്ലാ പൗരന്‍മാരുടെയും ഭരണഘടനപരമായ അവകാശമാണെന്നും കോടതി പറഞ്ഞു. ഒരാളുടെ മതപരമായ ആചാരങ്ങള്‍ അയാളുടെ വ്യക്തിപരമായ കാര്യമാണ്. മറ്റൊരാളില്‍ അത് അടിച്ചേല്‍പ്പിക്കാനാവില്ല. മതം വ്യക്തിപരമാണെന്നും ആരേയും നിര്‍ബന്ധിക്കാനാവില്ലെന്നും മുസ്ലിം മതം തന്നെ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരി കോഴിക്കോട് സ്വകാര്യ ലോ കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഹര്‍ജിക്കാരന്‍ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതു സംബന്ധിച്ചാണ് കേസ്. 2016ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക്കുമായി കോളജില്‍ നടത്തിയ സംവാദത്തില്‍ പങ്കെടുക്കാന്‍ പരാതിക്കാരിക്ക് അവസരം ലഭിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കു മന്ത്രിയോടു ചോദ്യം ചോദിക്കാം. ചോദ്യം ചോദിച്ചവര്‍ക്കു സമ്മാനവും മന്ത്രി നല്‍കും.

സ്റ്റേജില്‍ സമ്മാനം നല്‍കുമ്പോള്‍ വിദ്യാര്‍ഥികള്‍ ആദ്യം മന്ത്രിക്കു ഹസ്തദാനം നല്‍കും. തുടര്‍ന്നു സമ്മാനവും വാങ്ങും. ഇത് വാര്‍ത്താ ചാനലുകളില്‍ പ്രക്ഷേപണം ചെയ്തിരുന്നു. ശരി അത്ത് നിയമം ലംഘിച്ചെന്ന് പരാമര്‍ശിച്ച് ഹര്‍ജിക്കാരന്റെ പ്രസംഗത്തോടുകൂടി, താന്‍ ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ സഹിതം കുറച്ചു ദിവസങ്ങള്‍ക്കുശേഷം വാട്‌സാപില്‍ പ്രചരിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

സമ്മാനം സ്വീകരിക്കുമ്പോള്‍ ധനമന്ത്രിക്കു കൈകൊടുക്കാന്‍ പരാതിക്കാരി തീരുമാനിച്ചാല്‍ ഹര്‍ജിക്കാരന് അതില്‍ എന്തു കാര്യമെന്നു കോടതി ചോദിച്ചു. മതവിശ്വാസത്തിനുള്ള തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ലംഘിച്ചെന്ന് ആരോപിച്ച് ധീരയായ മുസ്ലിം പെണ്‍കുട്ടി മുന്നോട്ടുവന്ന സാഹചര്യത്തില്‍ ഭരണഘടന അവരെ സംരംക്ഷിക്കുമെന്ന് കോടതി വ്യക്തമാക്കി. അവരെ പിന്തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.

ഹര്‍ജിക്കാരനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ ബാധകമാണോയെന്നു തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കോടതിയാണ്. ഹര്‍ജിക്കാരന്‍ നിരപരാധിയാണെങ്കില്‍ വിചാരണ നേരിട്ട് ബന്ധപ്പെട്ട കോടതിയില്‍നിന്നു വിടുതല്‍ നേടാം. ഇക്കാര്യത്തില്‍ നിയമത്തിന്റെ ദുരുപയോഗമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി സവിശേഷ അധികാരം ഉപയോഗിച്ചു കേസില്‍ ഹൈക്കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി.



Share:

Search

Recent News
Popular News
Top Trending


Leave a Comment