News Kerala

നിയമസഭ തിരഞ്ഞെടുപ്പ്: സിപിഐഎമ്മിനം മൂന്നാം തവണയും പിണറായി നയിക്കും

Axenews | നിയമസഭ തിരഞ്ഞെടുപ്പ്: സിപിഐഎമ്മിനം മൂന്നാം തവണയും പിണറായി നയിക്കും

by webdesk2 on | 31-12-2025 09:19:50

Share: Share on WhatsApp Visits: 5


നിയമസഭ തിരഞ്ഞെടുപ്പ്: സിപിഐഎമ്മിനം മൂന്നാം തവണയും പിണറായി നയിക്കും

തിരുവനന്തപുരം: 2026-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കും. തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തി ഹാട്രിക് വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം നീക്കങ്ങള്‍ നടത്തുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ സജീവമാണ്.

രണ്ട് ടേം നിബന്ധനയില്‍ മുഖ്യമന്ത്രിക്ക് ഇളവ് നല്‍കുന്നത് സംബന്ധിച്ച സൂചനകള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തെ നല്‍കിയിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഭരണത്തുടര്‍ച്ച സാധ്യമായത് മുന്നണിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് ഭരണവിരുദ്ധ വികാരം മറികടക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി മുതല്‍ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് എല്‍ഡിഎഫ് തുടക്കം കുറിക്കും. ജനുവരി 15 മുതല്‍ 22 വരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തുകയും സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളെ ബോധിപ്പിക്കുകയും ചെയ്യും. കൂടാതെ, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക അവഗണനയ്‌ക്കെതിരെ ജനുവരി 12-ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും.

സംസ്ഥാന കോണ്‍ഫറന്‍സിന് മുന്നോടിയായി പാര്‍ട്ടി ഘടകങ്ങളില്‍ ഇതുസംബന്ധിച്ച ധാരണ രൂപപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പിണറായി വിജയന്റെ നേതൃത്വം വരും തിരഞ്ഞെടുപ്പിലും മുന്നണിക്ക് ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment