by webdesk3 on | 06-10-2025 01:21:08
പാലിയേക്കരയില്‍ ടോള്‍ പിരിവ് വിലക്ക് തുടരുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും അപകടങ്ങള്‍ പതിവാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രതിരോധിക്കാന്‍ എന്‍എച്ച്ഐ ശ്രമിച്ചെങ്കിലും കോടതി അതിനെ അംഗീകരിച്ചില്ല. കരാറുകാരുടെ കണ്ണിലൂടെ മാത്രം വിഷയത്തെ കാണരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുരിതയാത്ര പരിഹരിക്കാന്‍ കേന്ദ്രം ഇടപെടാത്തതെന്തെന്ന് കോടതി ചോദിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ മണ്ണിടിച്ചിലുകള്‍ മൂലം നിലവിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.