by webdesk3 on | 06-10-2025 01:12:20 Last Updated by webdesk3
മാസപ്പടി കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്നാടന് സുപ്രിം കോടതിയില്‍ തിരിച്ചടി. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി.
രാഷ്ട്രീയ വിഷയങ്ങള്‍ കോടതിയിലേക്ക് കൊണ്ടുവരുന്നത് ഉചിതമല്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
സിഎംആര്‍എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ക്ക് ആനുകൂല്യമായി മാസപ്പടി ലഭിച്ചുവെന്ന ആരോപണത്തോടെയാണ് മാത്യു കുഴല്നാടന് സുപ്രിം കോടതിയെ സമീപിച്ചത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മുമ്പ് സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, അവിടെയും അന്വേഷണാവശ്യത്തെ ഹൈക്കോടതി നിരസിച്ചിരുന്നു.
ഇതിനെതിരെ നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രിം കോടതി പരിഗണിച്ചപ്പോള്‍, ഹൈക്കോടതിയുടെ നിലപാട് ശരിയാണെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെ, മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന നിലപാട് അന്തിമമായി സുപ്രിം കോടതിയും ഉറപ്പിച്ചു.