by webdesk2 on | 06-10-2025 11:18:38 Last Updated by webdesk3
ഇന്ത്യയില്‍ ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി. മധ്യപ്രദേശില്‍ 14 കുട്ടികളും രാജസ്ഥാനില്‍ മൂന്ന് കുട്ടികളുമാണ് മരിച്ചത്. മധ്യപ്രദേശിലെ നാഗ്പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന 14 കുട്ടികളില്‍ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
ചുമ മരുന്ന് കഴിച്ച് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിച്ചത് മധ്യപ്രദേശിലാണ് (14 കുട്ടികള്‍). 11 മരണങ്ങളാണ് നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്. 11 പേരും ഉപയോഗിച്ചത് കോള്‍ഡ്രിഫ് സിറപ്പ് എന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയില്‍ കോള്‍ഡ്രിഫ് ചുമ മരുന്ന് നിരോധിച്ചു. കഫ് സിറപ്പുകള്‍ പിടിച്ചെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
രാജസ്ഥാനിലും മരുന്ന് കഴിച്ച നിരവധി കുട്ടികള്‍ നിരീക്ഷണത്തിലാണ്. ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകള്‍ കുട്ടികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ നല്‍കാവൂ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത മരുന്ന് നിര്‍മ്മാണ യൂണിറ്റുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കാഞ്ചിപുരത്തെ കോള്‍ ഡ്രിഫ് കഫ് സിറപ്പ് യൂണിറ്റിന്രെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ കേരളത്തിലെ ഫാര്‍മസികളില്‍ വ്യാപക പരിശോധന. പരാതിക്ക് ഇടയാക്കിയ കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്പികളുകള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. കോള്‍ഡ്രിഫിന്റെ വില്‍പന പൂര്‍ണമായി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ബാച്ചും ഇനി വില്‍ക്കാനോ പുതിയ സ്റ്റോക്കെടുക്കാനോ പാടില്ല എന്നാണ് നിര്‍ദേശം.