by webdesk3 on | 05-10-2025 05:24:06 Last Updated by webdesk2
തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളിലെ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്ക് ഉപകരണങ്ങള്‍ എത്തിച്ച വിതരണക്കാര്‍ക്ക് നാളെ പണം നല്‍കുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പുനല്‍കി.
ഡിഎംഇയുമായി കഴിഞ്ഞ ദിവസം വിതരണക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 11 കോടി രൂപയും കോഴിക്കോട് മെഡിക്കല്‍ കോളജിന് എട്ടുകോടി രൂപയുമാണ് വിതരണം ചെയ്യുക. ഇതുസംബന്ധിച്ച നിര്‍ദ്ദേശം മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാര്‍ക്ക് ഡിഎംഇ ഇതിനകം നല്‍കിയിട്ടുണ്ട്.
വിവിധ മെഡിക്കല്‍ കോളജുകള്‍ ചേര്‍ന്ന് ഏകദേശം 157 കോടി രൂപയാണ് ഹൃദയശസ്ത്രക്രിയ ഉപകരണ വിതരണക്കാര്‍ക്ക് കുടിശ്ശികയായി നല്‍കാനുള്ളത്. കുടിശ്ശിക നല്‍കിയില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കുമെന്ന് വിതരണക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താത്കാലികമായി പണമടയ്ക്കാനുള്ള തീരുമാനമായത്.