by webdesk2 on | 05-10-2025 01:03:32 Last Updated by webdesk3
തിരുവനന്തപുരം: 49-ാമത് വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം ഇ.സന്തോഷ്‌കുമാറിന്. തപോമയിയുടെ അച്ഛന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
തിരുവനന്തപുരത്ത് ഇന്നു നടന്ന ചടങ്ങില്‍ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ടി.ഡി രാമകൃഷ്ണന്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ജഡ്ജിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സന്തോഷ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്. അന്ധകാരനഴിക്ക് 2012 ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2006 ല്‍ ചാവുകളി എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് ആദ്യമായി കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടുന്നത്. 2011 ല്‍ കാക്കര ദേശത്തെ ഉറുമ്പുകള്‍ എന്ന കൃതിയ്ക്ക് ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തപോമയിയുടെ അച്ഛന്‍ ആണ് ഏറ്റവും പുതിയ നോവല്‍.