by webdesk2 on | 05-10-2025 08:15:49 Last Updated by webdesk2
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ വിജിലന്‍സിന് മുന്നില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. തനിക്ക് ലഭിച്ചത് ചെമ്പു പാളി എന്ന് ആവര്‍ത്തിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. സംഭവിച്ചത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. ഉദ്യോഗസ്ഥര്‍ ചെമ്പുപാളി തന്നത് രേഖാമൂലമാണെന്നും ഉദ്യോഗസ്ഥ വീഴ്ചയില്‍ തന്നെ എന്തിനു പഴിചാരണമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ചോദിച്ചു. ഇന്നലെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി ദേവസ്വം വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നത്.
നാലു മണിക്കൂറോളം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തു. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എസ് പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു മൊഴിയെടുപ്പ്.
ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഉണ്ണികൃഷ്ണന്‍ പോറ്റി യുടെ വാദങ്ങള്‍. അതില്‍ പ്രധാനപ്പെട്ടതാണ് ശബരിമലയില്‍ നിന്നും ദേവസ്വം ബോര്‍ഡ് നല്‍കിയത് ചെമ്പു പാളികള്‍ ആണെന്ന വാദം. ദേവസ്വം മാന്വവലിനെ പറ്റി താന്‍ പിന്നീടാണ് അറിയുന്നതെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നത്. 1999-ല്‍ യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പത്തിന്റെ അസല്‍ പാളികള്‍ എവിടെയെന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉത്തരമില്ല.
അതേസമയം വിഷയത്തില്‍ പ്രാഥമികാന്വേഷണം നടത്താനുള്ള നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. നിയമോപദേശം ലഭിച്ചാല്‍ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം തുടങ്ങും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡും ഹൈക്കോടതിയെ സമീപിക്കും.