by webdesk2 on | 04-10-2025 01:02:08 Last Updated by webdesk2
ശബരിമല ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി ആന്ധ്രയിലും എത്തിച്ചെന്ന് ദേവസ്വം വിജിലന്‍സ്. സ്വര്‍ണ്ണപ്പാളി എത്തിച്ചതില്‍ വന്‍തുക ഭക്തരില്‍ നിന്നും പിരിച്ചതായും സംശയം. ആന്ധ്രയില്‍ നിന്നുള്ള ഭക്തരെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് ദേവസ്വം വിജിലന്‍സ് തീരുമാനം. പെന്തൂര്‍ത്തി അയ്യപ്പക്ഷേത്രത്തിലാണ് സ്വര്‍ണ്ണപ്പാളി എത്തിച്ചത്. ഉത്തര ആന്ധ്ര ശബരിമല എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്.
എല്ലാവര്‍ഷവും മകരവിളക്കിന് ദിവസങ്ങള്‍ക്കു മുമ്പ് ഈ സംഘം സന്നിധാനത്ത് എത്തുന്നുണ്ട്. സന്നിധാനത്ത് വച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭക്തരെ പരിചയപ്പെടുന്നത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും ആന്ധ്രയില്‍ നിന്നുള്ള ഭക്ത സംഘടനയുമാണ്.
അതേസമയം തനിക്ക് ദേവസ്വം തന്നത് ചെമ്പ് പാളികള്‍ തന്നെയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ഇക്കാര്യം ദേവസ്വം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. എന്നാല്‍ 1999 ല്‍ സ്വര്‍ണം പൂശിയെന്ന് ദേവസ്വം രജിസ്റ്ററും മഹസറും വ്യക്തമാക്കുന്നു. 1999 മെയ് 4 നാണ് ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൊതിഞ്ഞതെന്നാണ് രേഖകള്‍. 1999 മാര്‍ച്ച് 27 ന് ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് സ്വര്‍ണം പൊതിഞ്ഞത്. വീണ്ടും സ്വര്‍ണം പൂശാന്‍ വേണ്ടിയാണ് 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തത്.
ശബരിമലയിലെ രണ്ട് ദ്വാരപാലക ശില്‍പങ്ങളിലുമായി 1999-ല്‍ അഞ്ച് കിലോ സ്വര്‍ണം പൂശിയെന്ന് വിജയ് മല്യക്ക് വേണ്ടി സ്വര്‍ണം പൂശിയത് പരിശോധിച്ച സെന്തില്‍ നാഥന്‍ പറഞ്ഞു.1999ല്‍ സ്വര്‍ണം പൊതിഞ്ഞ ശേഷമുള്ള ദ്വാരപാലക ശില്‍പ്പങ്ങളുടെ ചിത്രങ്ങളും സെന്തില്‍ നാഥന്‍ പുറത്തുവിട്ടു.അങ്ങനെയെങ്കില്‍ ആദ്യം പൂശിയ സ്വര്‍ണം എവിടെ പോയെന്ന ചോദ്യവും ബാക്കിയാകുന്നു.