by webdesk3 on | 04-10-2025 12:43:35 Last Updated by webdesk3
പത്തനംതിട്ട മണ്ണാറമല സ്വദേശിനി കൃഷ്ണമ്മ (65) പേവിഷബാധയേറ്റ് മരിച്ചു. സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലാണ് കൃഷ്ണമ്മയെ തെരുവുനായ കടിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നായയുടെ ആക്രമണത്തില്‍ കൃഷ്ണമ്മ നിലത്തുവീഴുകയും, മുഖത്ത് ഗുരുതരമായ കടിയേല്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചെങ്കിലും, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയ്ക്കിടെ അന്തരിച്ചു. കൃഷ്ണമ്മയെ കടിച്ച തെരുവുനായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഈ വര്‍ഷം ജൂലൈ വരെ പേവിഷബാധ മൂലം 23 പേരാണ് മരിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പേവിഷബാധയെത്തുടര്‍ന്നുള്ള മരണങ്ങളില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
പേവിഷബാധയും തെരുവുനായ ആക്രമണവും ആവര്‍ത്തിക്കുമ്പോള്‍, പ്രതിരോധ നടപടികളിലും വാക്സിന്‍ ലഭ്യതയിലും കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.