by webdesk3 on | 04-10-2025 12:39:45 Last Updated by webdesk3
മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്യുടെ പ്രചാരണ വാഹനം പൊലീസ് പിടിച്ചെടുക്കും. സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടും നിര്‍ത്താതെ പോയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ സംഭവത്തെ കുറിച്ച് ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശം ഉണ്ടായിരുന്നു.
വിജയിയുടെ കാരവാന്‍ പിടിച്ചെടുക്കുകയും വാഹനത്തിനകത്തും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കരൂരില്‍ നടന്ന ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിജയ്യ് തയാറാകാത്തതിലും കോടതി വിമര്‍ശനം ഉന്നയിച്ചു.
ദുരന്തത്തെ തുടര്‍ന്ന് വിജയ് ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഒരു സാമൂഹികമാധ്യമ പോസ്റ്റുപോലും ഇട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മനുഷ്യജീവന്‍ ടിവികെ നല്‍കുന്ന വില ഇതിലൂടെ വ്യക്തമാകുന്നുവെന്നും, വിജയിയുടെ ഒളിച്ചോട്ടം അപലപനീയമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ദുരന്തസ്ഥലത്ത് നിന്ന് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണമെന്നും കരൂര്‍ എസ്ഐയുടെ കൈവശമുള്ള രേഖകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജികള്‍ തള്ളിയ കോടതി, ഐപിഎസ് ഉദ്യോഗസ്ഥ അശ്ര ഗര്‍ഗിന് അന്വേഷണ ചുമതല ഏല്‍പ്പിച്ച് രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.