by webdesk2 on | 04-10-2025 11:20:35 Last Updated by webdesk2
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പം ചെമ്പെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം പൊളിയുന്നു. ശില്‍പത്തില്‍ സ്വര്‍ണം പൂശിയിരുന്നതായി ദേവസ്വം രേഖകള്‍. 1999 ല്‍ സ്വര്‍ണം പൂശിയെന്ന് ദേവസ്വം രജിസ്റ്ററും മഹസറും വ്യക്തമാക്കുന്നു. ഹൈക്കോടതിയുടേതാണ് കണ്ടെത്തല്‍. ദേവസ്വം വിജിലന്‍സ് കണ്ടെത്തി നല്‍കിയ രേഖകളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
1999 മെയ് 4 നാണ് ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൊതിഞ്ഞതെന്നാണ് രേഖകള്‍. 1999 മാര്‍ച്ച് 27 ന് ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് സ്വര്‍ണം പൊതിഞ്ഞത്. വീണ്ടും സ്വര്‍ണം പൂശാന്‍ വേണ്ടിയാണ് 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തത്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. തന്നത് ചെമ്പ് പാളിയാണെന്നും ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നുമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് തന്ന ലെറ്ററില്‍ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന് മുകളില്‍ സ്വര്‍ണ്ണം ഉണ്ടെന്ന് ഇപ്പോള്‍ ആണ് അറിയുന്നത്. സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തു ആക്കിയിട്ടില്ലെന്നും ജയറാമിന്റെ വീട്ടില്‍ കൊണ്ടു പോയിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് വ്യക്തമാക്കി.
പീഠം ഫിറ്റ് ചെയ്യാന്‍ വാസുദേവന്‍ എന്നയാളെ ഏല്‍പ്പിച്ചിരുന്നു. വിവിഐപി എന്നൊരാളേയും കൊണ്ടു പോയിട്ടില്ല. താന്‍ പണപ്പിരിവ് നടത്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കട്ടെ. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിച്ചാല്‍ ചെല്ലാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞു.