by webdesk2 on | 04-10-2025 08:26:11 Last Updated by webdesk2
വാഷിങ്ടന്‍: അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ നീളും. ധനാനുമതി ബില്‍ സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകള്‍ക്കു ശമ്പളമടക്കം ചെലവുകള്‍ക്കു പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക്, അവ പാസാക്കാനാവശ്യമായ 60 വോട്ടുകള്‍ ലഭിച്ചില്ല. തിങ്കളാഴ്ച ഹ്രസ്വകാല ധനാനുമതി ബില്‍ സെനറ്റില്‍ വീണ്ടും അവതരിപ്പിക്കും.
അടച്ചുപൂട്ടല്‍ തുടരുകയാണെങ്കില്‍ കൂട്ടപ്പിരിച്ചു വിടലുകള്‍ ആവശ്യമായി വരുമെന്ന് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു. പ്രതിസന്ധിക്ക് ഉത്തരവാദികള്‍ ഡമോക്രാറ്റുകളാണെന്ന് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. അവസാന നിമിഷം പോലും സെനറ്റില്‍ സമവായത്തിലെത്താന്‍ കഴിയാതെ വന്നതോടെയാണ് അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ മൂന്നാം ദിനവും നിലച്ചതോടെ സാധാരണക്കാരെയും ബാധിച്ചു.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കു പണം നല്‍കില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ നയം ഡെമോക്രാറ്റുകള്‍ ചെറുത്തതോടെയാണ് യുഎസ് സെനറ്റില്‍ ധനബില്ലുകള്‍ പാസാകാതെ വന്നത്. ഇതോടെ ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതായതോടെ ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴര ലക്ഷം ഫെഡറല്‍ ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു.