by webdesk3 on | 03-10-2025 10:25:23 Last Updated by webdesk2
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ചുമമരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചെന്ന പരാതിയെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. രണ്ടുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരിക്കലും ചുമമരുന്ന് നല്‍കരുതെന്ന് നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
മരുന്ന് ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത് കൃത്യമായ ക്ലിനിക്കല്‍ പരിശോധനയും ഡോക്ടറുടെ നിര്‍ദേശവും കഴിഞ്ഞേ നല്‍കാവൂവെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും, സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മരുന്ന് നിര്‍ദേശിക്കുന്നതില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെയുള്ളിടങ്ങളില്‍ കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് ആരോപിക്കപ്പെട്ട കഫ് സിറപ്പുകളില്‍ പ്രശ്‌നങ്ങളില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കി. എന്‍സിഡിസി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്താനായിട്ടില്ല.
കുട്ടികളുടെ മരണത്തില്‍ സിറപ്പിന് നേരിട്ട് പങ്കില്ലെന്നും, എന്നാല്‍ സുരക്ഷിത ഉപയോഗത്തിന് പുതിയ മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.