by webdesk3 on | 03-10-2025 12:41:44 Last Updated by webdesk3
തിരുവനന്തപുരം: ശബരിമലയിലെ വിവാദ സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്‍കി നിരവധി സ്ഥലങ്ങളില്‍ ഭൂമി ഏറ്റെടുത്തുവെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമി ഇടപാടുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും രജിസ്റ്റര്‍ ചെയ്ത ഭൂമികളുടെ രേഖകളും പുറത്തുവന്നിട്ടുണ്ട്.
തലസ്ഥാനത്തും ബംഗളൂരുവിലും കോടികളുടെ ഭൂമിവ്യാപാരമാണ് നടന്നതെന്ന് സൂചനകളുണ്ട്. 2020 മുതല്‍ 2025 വരെ കാലയളവിലാണ് ഇടപാടുകള്‍ നടന്നതെന്നാണ് വിലയിരുത്തല്‍. ഉന്നതരുമായി ബന്ധമുണ്ടെന്ന് തെളിയിച്ചുകൊണ്ടാണ് പോറ്റി വ്യാപാര ഇടപാടുകള്‍ നടത്തിയതെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി റവാഡ ചന്ദ്രശേഖര്‍, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ കാര്‍പോര്‍ച്ചില്‍ വെച്ച് പോറ്റി, മുഖ്യമന്ത്രിയോടൊപ്പം നിന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
ആംബുലന്‍സ് ദേവസ്വം ബോര്‍ഡിന് കൈമാറുന്ന ചടങ്ങിലാണ് ചിത്രം പകര്‍ത്തിയതെന്നാണ് വിവരം. ഡിജിപിയും എഡിജിപി എസ്. ശ്രീജിത്തും പങ്കെടുത്ത മറ്റ് ചിത്രങ്ങളും പുറത്തുവന്നു. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് സംഭാവന നല്‍കുന്ന ദൃശ്യങ്ങളും, പൊലീസ് ആസ്ഥാനത്ത് എഡിജിപി ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നവയില്‍ ഉള്‍പ്പെടുന്നു.