by webdesk3 on | 03-10-2025 12:31:14 Last Updated by webdesk3
തിരുവനന്തപുരം ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം തടവും 72,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ നഷ്ടപരിഹാരമായി ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
2024 ഫെബ്രുവരി 19-ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ഹസന്‍കുട്ടി തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം റെയില്‍വേ പാളത്തിന് സമീപമുള്ള പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചു. അബോധാവസ്ഥയില്‍ കുട്ടിയെ പിന്നീട് കണ്ടെത്തുകയായിരുന്നു.
സംഭവത്തിനുശേഷം പ്രതി ആലുവയിലേക്കും പിന്നീട് പളനിയിലേക്കും മാറി രൂപമാറ്റം വരുത്തിയെങ്കിലും കൊല്ലത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ശാസ്ത്രീയ പരിശോധനയില്‍ പ്രതിയുടെ വസ്ത്രങ്ങളില്‍നിന്ന് കുട്ടിയുടെ തലമുടി കണ്ടെത്തിയതും വൈദ്യപരിശോധനാഫലം പീഡനം സ്ഥിരീകരിച്ചതും വിചാരണയ്ക്ക് നിര്‍ണായകമായി.