by webdesk2 on | 03-10-2025 11:12:16 Last Updated by webdesk3
മോസ്‌കോ: ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന യുക്തിബോധവും വിവേകവുമുള്ള നേതാവാണ് നരേന്ദ്രമോദിയെന്ന് റഷ്യന്‍ പ്രസിഡന്റ് വാളിദിമിര്‍ പുടിന്‍. ഇന്ത്യന്‍ ജനതയെ അപമാനിക്കുന്ന തരത്തിലുള്ള നടപടികള്‍ അദ്ദേഹം സ്വീകരിക്കില്ലെന്ന് തനിക്കറിയാമെന്നും പുടിന്‍ പറഞ്ഞു. ഡിസംബറില്‍ താന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന നല്‍കിയതിന് പിന്നാലെയാണ് പുടിന്റെ പരാമര്‍ശം.
റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം അതിന്റെ 15-ാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയ്ക്കും ന്യൂഡല്‍ഹിക്കും ഇടയില്‍ ഒരിക്കലും പ്രശ്നങ്ങളുണ്ടായിട്ടില്ല എന്നും പറഞ്ഞു. റഷ്യയ്ക്കും ഇന്ത്യയ്ക്കും സാമ്പത്തിക സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും എന്നാല്‍ അവസരങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതില്‍ ചില പ്രശ്നങ്ങളുണ്ടെന്നും പുടിന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയ്ക്കെതിരായ യുഎസ് താരിഫ് മൂലമുള്ള നഷ്ടം നികത്താന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് സഹായിക്കും. വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യയില്‍നിന്ന് കൂടുതല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളും മരുന്നുകളും റഷ്യ വാങ്ങിയേക്കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.