by webdesk2 on | 01-10-2025 12:01:37 Last Updated by webdesk3
മനില: ഫിലിപ്പിന്‍സില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 69 ആയി. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 150 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും കാര്യമായ നാശമുണ്ടായിട്ടുണ്ട്.
ബോഗോയിലാണ് ഭൂചലനം കൂടുതല്‍ ബാധിച്ചത്. ഏകദേശം 90,000 ആളുകള്‍ വസിക്കുന്ന തീരദേശ നഗരമായ ബോഗോയില്‍ മാത്രം 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒരു മലയോര ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കൂട്ടം കുടിലുകള്‍ മണ്ണിനടിയിലായി.
ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ക്കും റോഡുകള്‍ക്കും അടുത്തുള്ള ദാന്‍ബന്തയാനിലെ കത്തോലിക്ക പള്ളിക്കും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. ാശനഷ്ടങ്ങളുടെ പൂര്‍ണ്ണമായ വ്യാപ്തി അധികൃതര്‍ ഇപ്പോഴും വിലയിരുത്തി വരികയാണെന്ന് സെബു ഗവര്‍ണര്‍ പമേല ബാരിക്വാട്രോ പറഞ്ഞു. നാം കരുതുന്നതിലും മോശമായിരിക്കാം സ്ഥിതി,ബാരിക്വാട്രോ ഫേസ്ബുക്ക് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന പസഫിക്കിലെ റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന മേഖലയലിലാണ് ഫിലിപ്പീന്‍സ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പതിവായി ഭൂകമ്പങ്ങള്‍, അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ എന്നിവയും ഓരോ വര്‍ഷവും ഏകദേശം 20 ചുഴലിക്കാറ്റുകളും ഉഷ്ണമേഖല കൊടുങ്കാറ്റുകളും ഉണ്ടാകാറുണ്ട്.