by webdesk2 on | 01-10-2025 07:09:26 Last Updated by webdesk3
കരൂര്‍ അപകടത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ടിവികെ വാദം തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. അപകടത്തിന് മുന്‍പും ശേഷവുമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ആരോപണം തള്ളുന്നത്. സര്‍ക്കാര്‍ ഔദ്യോഗിക വക്താവ് അമുദ ഐഎഎസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് വീഡിയോ പുറത്തുവിട്ടത്. പൊലീസ് ഇടപെടലില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ ഔദ്യോഗിക വക്താവ് അമുദ പറഞ്ഞു.
വിജയ് സംസാരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മുന്നില്‍ ഒരാള്‍ കുഴഞ്ഞു വീഴുന്ന ദൃശ്യവും ഇക്കൂട്ടത്തില്‍ ഉണ്ട്. ഗൂഢാലോചനയുണ്ടെന്ന ടിവികെ വാദം തള്ളാന്‍ സര്‍ക്കാരിന്റെ പക്കലുള്ള പ്രധാന തെളിവാണ് ഇത്. വാഹന റാലിയായിട്ടാണ് വിജയ് എത്തിയത്. ഇതിനിടയിലും ചെറിയ അപകടങ്ങള്‍ ഉണ്ടായി. ഇടയ്ക്ക് വാഹനം നിര്‍ത്തിയതോടെ ആളുകള്‍ കൂട്ടമായി വിജയിക്ക് അരികിലേക്ക് എത്തി. വിജയ്‌യെ കാണാന്‍ എത്തിയവര്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും മറികടന്നു.
ജനക്കൂട്ടത്തിനിടയില്‍ കൂടി തന്നെ പ്രസംഗസ്ഥലത്ത് എത്തിച്ച പൊലീസിന് വിജയ് നന്ദി പറയുന്ന വീഡിയോ അടക്കം ഉള്‍പ്പെടുത്തിയാണ് ടിവികെ ആരോപണത്തെ സര്‍ക്കാര്‍ തള്ളുന്നത്. സംഭവ സമയത്ത് ടിവികെ ഏര്‍പ്പെടുത്തിയിരുന്ന ആംബുലന്‍സുകളും പൊലീസ് എത്തിച്ച ആംബുലന്‍സുകളും ആണ് ഉണ്ടായിരുന്നത്. പിന്നീടാണ് 33 ആംബുലന്‍സുകള്‍ വിളിച്ചുവരുത്തിയത്.