by webdesk3 on | 30-09-2025 04:02:15 Last Updated by webdesk2
കാസര്‍കോട് പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതി എ. പീതാംബരന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് പരോള്‍. ഏഴാം പ്രതിയായ അശ്വിന്നും പരോള്‍ ലഭിച്ചിട്ടുണ്ട്. പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് പീതാംബരന്‍ ജില്ലയില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്.
രണ്ടാം പ്രതിയായ സജി സി. ജോര്‍ജിന് കഴിഞ്ഞ ദിവസം തന്നെ പരോള്‍ അനുവദിച്ചിരുന്നു. കുടുബാംഗങ്ങളുടെ അസുഖം ചൂണ്ടിക്കാട്ടിയാണ് പീതാംബരന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പരോള്‍ അനുവദിച്ചത്. മറ്റ് പ്രതികള്‍ക്കും പരോള്‍ അനുവദിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
2019 ഫെബ്രുവരി 17-നാണ് പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യുവജന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തുവെച്ചും, ശരത് ലാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു.
ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍, നിയമവിരുദ്ധ സംഘംചേരല്‍, കലാപം സൃഷ്ടിക്കല്‍, മാരകായുധ ഉപദ്രവം, തടഞ്ഞുനിര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ബാധകമാണെന്ന് സിബിഐ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.