by webdesk3 on | 30-09-2025 12:22:53 Last Updated by webdesk3
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സജ്ജീകരണങ്ങള്‍ ശക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഇടപെടലുകള്‍ വര്‍ധിപ്പിച്ച് യുവജനങ്ങളില്‍ മേല്‍ക്കൈ നേടണമെന്നതാണ് നിര്‍ദേശം.
സിറ്റിംഗ് സീറ്റുകളില്‍ ഒന്നുപോലും നഷ്ടപ്പെടരുതെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതിന് മണ്ഡലങ്ങളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ പരമാവധി പ്രചാരണം ചെയ്യണം. സമൂഹമാധ്യമങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തണം എന്നും പാര്‍ട്ടി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എംഎല്‍എമാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ടീമിന്റെ സഹായം ലഭ്യമാക്കും. കനഗോലു ടീം കേരളത്തില്‍ കേന്ദ്രീകരിച്ച് പഠനം തുടരുകയാണ്.
അതേസമയം, പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിന് തലവേദനയാണ്. കെപിസിസി, ഡിസിസി പുനഃസംഘടന നീളുന്നതും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞടുക്കാനാകാത്തതും സംഘടനയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.