by webdesk2 on | 30-09-2025 09:00:40 Last Updated by webdesk2
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് പൂര്‍ണമായും റദ്ദാക്കി താലിബാന്‍. രാജ്യത്ത് ഫൈബര്‍ ഒപ്റ്റിക് സേവനങ്ങള്‍ പൂര്‍ണമായും വിഛേദിക്കപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധാര്‍മികമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ നടപടി. അഫ്ഗാനിലെ ടെലിഫോണ്‍ സേവനവും തകരാറിലായിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ നിരീക്ഷകരായ നെറ്റ്ബോക്സ് അറിയിച്ചു. ഈ മാസം ആദ്യം തന്നെ ഇന്‍ര്‍നെറ്റിന്റെ വേഗത കുറച്ച് താലിബാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂര്‍ണമായ നിരോധനം വരുന്നത്.
2021 ല്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കുന്ന വലിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കാവുന്ന ഇന്റര്‍നെറ്റ് നിരോധനമാണിത്. തിന്മയെന്ന് പറഞ്ഞാണ് ഫൈബര്‍ ഒപ്റ്റിക് ശൃംഖല താലിബാന്‍ വിച്ഛേദിച്ചത്. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് നിരോധനമെന്നും രാജ്യത്തിനകത്ത് ഒരു ബദല്‍ സംവിധാനം സ്ഥാപിക്കുമെന്നും താലിബാന്‍ നേതാക്കള്‍ അറിയിച്ചു.
ഇന്റര്‍നെറ്റ് വിച്ഛേദിച്ചതോടെ വിവിധ മേഖലകളെ അത് വലിയരീതിയില്‍ ബാധിച്ചു. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. മാധ്യമങ്ങളുടെയും ബാങ്കിങ്, വ്യവസായം തുടങ്ങിയ മേഖലകളെയും പ്രതിസന്ധിയിലാക്കി. രാജ്യത്തിന് പുറം ലോകവുമായുള്ള ആശയ വിനിമയങ്ങളെ ഇല്ലാതാക്കുന്ന തീരുമാനമാണിതെന്നാണ് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു കാര്യം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്റര്‍നെറ്റ് നിരോധനം തുടരുമെന്നാണ് അറിയിപ്പ്.