by webdesk3 on | 29-09-2025 03:28:32 Last Updated by webdesk2
തിരുവനന്തപുരം:സംസ്ഥാനം ഗുരുതരമായ ധന പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. ജീവനക്കാരിക്കും പെന്‍ഷന്‍കാര്ക്കുമായി സര്‍ക്കാര്‍ നല്‍കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണെന്നും, എന്നാല്‍ വിതരണക്കമ്പനികള്‍ക്കും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനും കുടിശ്ശിക നല്‍കാത്തതിനാല്‍ മരുന്നും ഭക്ഷ്യധാന്യങ്ങളും ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയകള്‍ പോലും മുടങ്ങുന്ന സാഹചര്യമുണ്ടായി. ഉപകരണ വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കിയില്ലാത്തതിനാല്‍ സെപ്റ്റംബര്‍ മുതല്‍ ശസ്ത്രക്രിയകള്‍ തടസ്സപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ കുടിശ്ശിക ഇപ്പോഴും തീര്‍ന്നിട്ടില്ലെന്നും, അത് തീര്‍ക്കാതെ പാര്‍ട്ടി അനുയായികള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കാനാണ് നീക്കമെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ജിഎസ്ടി വകുപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നും, വരും ദിവസങ്ങളില്‍ അത് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണവില 16 മടങ്ങ് ഉയര്‍ന്നിട്ടും അതിനനുസരിച്ചുള്ള നികുതി വര്‍ധന ഉണ്ടായിട്ടില്ലെന്നും, കുറഞ്ഞത് 10,000 കോടി രൂപയുടെ അധിക നികുതി ലഭിക്കാമായിരുന്നു എന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. നികുതി പിരിക്കുന്നതിലും ധന വിനിയോഗത്തിലും സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു.