by webdesk2 on | 29-09-2025 11:55:27 Last Updated by webdesk3
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാനായ സംഭവത്തില്‍ സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍. പീഠം ഒളിപ്പിച്ചു വെച്ചിട്ട് നാടകം കളിച്ചതിനു പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നു എന്ന്മന്ത്രിമാധ്യമങ്ങളോട് പറഞ്ഞു. . ഇതെല്ലാം ഒളിപ്പിച്ചു വെച്ചതിനു ശേഷം കണ്ടില്ലെന്ന രൂപത്തില്‍ പരാതിയായി വരികയും അതിനു ശേഷം അവിടെ നാടകം കളിക്കുകയും ഒക്കെ ചെയ്തപ്പോള്‍ അതിന്റെ പിന്നില്‍ ആസൂത്രിതമായ ഒരു നീക്കം ഉണ്ടോ ഒരു ഗൂഢാലോചന ഉണ്ടോ എന്ന് സ്വാഭാവികമായി നമുക്ക് സംശയിക്കേണ്ടി വരും. ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കാര്യം ബഹുമാനപ്പെട്ട കോടതി തന്നെ കണ്ടെത്തും. അതിന് ഉത്തരവ്പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
അതേസമയം വിഷയത്തില്‍ തന്നെ കള്ളനാക്കിയതിന് ആര് സമാധാനം പറയുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. പ്രശാന്ത് ചോദിച്ചു. പ്രസ്തുത കക്ഷിയുടെ കയ്യില്‍ ഇത് ഉണ്ടായിരുന്നു. ഇത് ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നിട്ടും എന്തിനാണ് ഇയാള്‍ കള്ളം പറഞ്ഞത്? ഇത് ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിച്ചു എന്ന് ദേവസ്വം ബോര്‍ഡില്‍ പഴിചാരിയത് എന്തിനു വേണ്ടിയിട്ടാണ്. ഇവിടുത്തെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുളളവരും ഇവിടുത്തെ ബിജെപിയുടെ നേതാക്കളുംപറഞ്ഞതെന്താ? എന്നെ മോഷ്ടാവാക്കിയില്ലേ, അതിനാരാ സമാധാനം പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ പകിട്ട് കെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വ്യക്തിബന്ധമില്ലെന്നും പീഠം കയ്യില്‍ തന്നെ വെച്ചിട്ട് ആരോപണം ഉന്നയിച്ചതിന്റെ കാരണം അറിയില്ലെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറും പറഞ്ഞു. ഇയാള്‍ ഇത്കൈവശം വെച്ചിട്ട് എന്താണ് ഇങ്ങനെ പറഞ്ഞത് എന്നുള്ളത് എനിക്ക് മനസ്സിലാകുന്നില്ല. ഇതിനകത്ത് വേറെ വലിയ ലാഭമുള്ള കേസ് ഒന്നുമല്ല. ഇപ്പോഴത്തെ ഗവണ്‍മെന്റും ദേവസ്വം ബോര്‍ഡും ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സും വളരെ കൃത്യമായിട്ട് ഈ കാര്യം അന്വേഷിച്ചു എന്നുള്ളത് തെളിയിക്കപ്പെട്ട കഴിഞ്ഞു ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ- പത്മകുമാര്‍ പ്രതികരിച്ചു.