by webdesk2 on | 29-09-2025 09:39:50 Last Updated by webdesk3
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്ത് ഏഴ് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും. വാഹന കള്ളക്കടത്ത് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം തന്നെ അന്വേഷിക്കും . മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സിബിഐയും കള്ളപ്പണ ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജിഎസ്ടി തട്ടിപ്പ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗവും അന്വേഷിക്കും. വിദേശ ബന്ധവും റാക്കറ്റ് ഉള്‍പ്പെട്ട മറ്റു തട്ടിപ്പുകളും എന്‍ഐഎയും അന്വേഷണത്തിന് ആവശ്യമായ രഹസ്യവിവരങ്ങള്‍ ഐബിയും, ഡിആര്‍ഐയും ശേഖരിക്കും.
ഭൂട്ടാന്‍ വാഹന കടത്തിന് പിന്നില്‍ വന്‍ രാജ്യാന്തര വാഹന മോഷണ സംഘമാണെന്ന് കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഭൂട്ടാന്‍ പട്ടാളം ലേലം ചെയ്തതെന്ന പേരില്‍ കേരളത്തില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങളാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും മോഷ്ടിച്ച വാഹനങ്ങള്‍ ഭൂട്ടാന്‍ വഴി കടത്തിയെന്നും സംശയിക്കുന്നുണ്ട്. സിനിമാതാരങ്ങള്‍ അടക്കമുള്ളവരെ ഇടനിലക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും കസ്റ്റംസ് കണ്ടെത്തി.
ഇന്ത്യയിലാകെ ആയിരത്തോളം വാഹനങ്ങളും വിറ്റെന്നായിരുന്നു കസ്റ്റംസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച് ലേലം ചെയ്തത് വെറും 117 വാഹനങ്ങള്‍ മാത്രമാണെന്നാണ് പുതിയ വിവരം. ഭൂട്ടാന്‍ പട്ടാളം ലേലം ചെയ്‌തെന്ന പേരില്‍ കടത്തിയത് മറ്റ് രാജ്യങ്ങളില്‍ നിന്ന് മോഷ്ടിച്ച് ഭൂട്ടാനിലെത്തിച്ച് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലാണ് വാഹനക്കടത്തുകാരുടെ കേന്ദ്രമെന്നും കണ്ടെത്തിയിട്ടുണ്ട്.