by webdesk2 on | 29-09-2025 08:05:36 Last Updated by webdesk2
തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് വെച്ച് ശനിയാഴ്ചയാണ് മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിക്കുക. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ സജി ചെറിയാന്‍ നാളെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും.
സെപ്തംബര്‍ 23ന് എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടന്‍ മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്.
വേദിയില്‍ മോഹന്‍ലാലിന്റെ നാടകമായ കര്‍ണഭാരത്തെകുറിച്ച് പരാമര്‍ശിച്ച രാഷ്ട്രപതി, മോഹന്‍ലാലിന് പുരസ്‌കാരം ലഭിച്ചതില്‍ ജനങ്ങള്‍ വലിയ സന്തോഷത്തിലാണെന്നും പറഞ്ഞു. വിവിധ ഭാവങ്ങള്‍ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടര്‍ എന്ന് പറയുന്നതെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.