by webdesk2 on | 29-09-2025 07:26:15 Last Updated by webdesk2
ചെന്നൈ: തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി തമിഴ് മാധ്യമങ്ങള്‍. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 28ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. റാലിയില്‍ പ്രതീക്ഷിച്ചതിലധികം ആളുകള്‍ എത്തിയതോടെയായിരുന്നു അപകടം.
കഴിഞ്ഞ ദിവസം ഉച്ചയോടെ നാല്‍പത് പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ പത്ത് കുട്ടികളും പതിനാറ് സ്ത്രീകളും 12 പുരുഷന്മാരും പൊലീസുകാരും ഉള്‍പ്പെടുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും വിജയ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എക്സ് പോസ്റ്റിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചത്. കരൂരിലെ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍ത്ത് ഹൃദയം വിങ്ങുകയാണെന്നും അവരുടെ വേര്‍പാട് നികത്താനാകാത്ത നഷ്ടമാണെന്നും വിജയ് പറഞ്ഞു. അവരുടെ കുടുംബത്തിലെ അംഗം എന്ന നിലയിലാണ് നഷ്തടപരിഹാര തുക നല്‍കുന്നതെന്നും ഈ ഘട്ടത്തില്‍ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണെന്നുമായിരുന്നു വിജയ് വ്യക്തമാക്കിയത്.
അതിനിടെ വിജയ്യുടെ ചെന്നൈയിലെ വസതിക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായി. ഡിജിപി ഓഫീസില്‍ ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിജയ്യുടെ വീട്ടില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.