by webdesk2 on | 28-09-2025 06:05:26
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിക്കായി സമൂഹമാധ്യമങ്ങളില്‍ പരസ്യമായി ക്യാമ്പയിന്‍ ആരംഭിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ഐ ഗ്രൂപ്പ് സംസ്ഥാന നേതാക്കള്‍. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ബിനു ചുള്ളിയില്‍, ഒ.ജെ ജനീഷ് എന്നിവരിലേക്ക് ചര്‍ച്ച ചുരുങ്ങിയതോടെയാണ് ഐ ഗ്രൂപ്പ് നിലപാട് കടുപ്പിച്ചത്. അബിന്‍ വര്‍ക്കിയുടെ വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പുതിയ തീരുമാനം.
സമൂഹമാധ്യമങ്ങളിലും അബിന്‍ വര്‍ക്കിക്കായി ഐ ഗ്രൂപ്പ് നേതാക്കള്‍ ക്യാമ്പയിന്‍ ശക്തമാക്കി. നിലവില്‍ പരിഗണിക്കുന്നവരുടെ യോഗ്യതകള്‍ തരംതിരിക്കുന്ന പട്ടികയും പ്രചരിപ്പിക്കുന്നുണ്ട്. പ്രായം, വിദ്യാഭ്യാസ യോഗ്യത, രണ്ടുവര്‍ഷത്തിനിടയില്‍ പാര്‍ട്ടിക്ക് വേണ്ടി ഉള്ള കേസുകളുടെ എണ്ണം, സംഘടന തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ എണ്ണം എന്നിവ ഉള്‍പ്പെടുത്തിയ പട്ടികയാണ് പ്രചരിപ്പിക്കുന്നത്.
കെ.എം അഭിജിത്തിനെ പരിഗണിക്കുകയാണെങ്കില്‍ നേരത്തെ വിട്ടുവീഴ്ച ചെയ്യാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആര്‍ക്കുവേണ്ടിയും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ഇപ്പോള്‍. ഏകപക്ഷീയമായി പേര് പ്രഖ്യാപിച്ചാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കാനും ആലോചനയുണ്ട്. അബിന്‍ വര്‍ക്കിയെ അവഗണിക്കുന്നതില്‍ വിചിത്ര നീതി എന്നാണ് വിലയിരുത്തല്‍. ഏറ്റവുമധികം വോട്ട് നേടിയ രണ്ടാമന്‍ എന്ന മാനദണ്ഡം അട്ടിമറിക്കാന്‍ കഴിയില്ല. ബിനു ചുള്ളിയിലിന് പ്രായപരിധി കഴിഞ്ഞെന്നും ഐ ഗ്രൂപ്പ് ആക്ഷേപിക്കുന്നു.
അതേസമയം അധ്യക്ഷ പ്രഖ്യാപനം ഇനിയും വൈകുമെന്നാണ് സൂചന. രാഹുല്‍ഗാന്ധി വിദേശപര്യടനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതിന് ശേഷമാകും അധ്യക്ഷ പ്രഖ്യാപനം.