by webdesk2 on | 27-09-2025 09:33:37 Last Updated by webdesk3
വിവാദങ്ങള്‍ക്കിടയില്‍ എന്‍എസ്എസിന്റെ വാര്‍ഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയില്‍ നടക്കും. 2024 -25 വര്‍ഷത്തെ വരവ് ചിലവ് കണക്കുകളെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള യോഗമാണ് ചേരുന്നത്. എന്നാല്‍ രാഷ്ട്രീയ നിലപാടില്‍ ഉണ്ടായ മാറ്റം യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിശദീകരിച്ചേക്കും.
എന്നാല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഇടതു ചായ്‌വിനെതിരെ കൂടുതല്‍ കരയോഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഇന്നലെ തിരുവനന്തപുരത്തും സുകുമാരന്‍ നായര്‍ക്കെതിരെ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ടയില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ എന്ന് എഴുതിയ ഫ്‌ലക്‌സ് ആണ് ഭാരവാഹികള്‍ സ്ഥാപിച്ചത്. ഫ്‌ലക്‌സ് സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പരസ്യപ്രതിഷേധവുമായാണ് കരയോഗം ഭാരവാഹികള്‍ രംഗത്തെത്തിയത്.