by webdesk2 on | 26-09-2025 09:34:44 Last Updated by webdesk2
സിപിഐഎം നേതാവ് കെ.ജെ.ഷൈന്‍ നല്‍കിയ സൈബര്‍ അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ യൂട്യൂബര്‍ കെ.എം ഷാജഹാനെ കൊച്ചിയില്‍ എത്തിച്ചു. ആലുവ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കെഎം ഷാജഹാന്‍ അറസ്റ്റിലായത്. ഒരുപാട് കാര്യങ്ങള്‍ ഇനി പറയാനുണ്ടെന്നും മുഖ്യമന്ത്രിയെ പറ്റി വെളിപ്പെടുത്താന്‍ കാര്യങ്ങള്‍ ഉണ്ടെന്നും അറസ്റ്റിന് ശേഷം ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെ.ജെ ഷൈന്‍ നല്‍കിയ ആദ്യ പരാതിയില്‍ സൈബര്‍ പൊലീസ് സി.കെ. ഗോപാലകൃഷ്ണന്‍, കെ.എം. ഷാജഹാന്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ സി.കെ. ഗോപാലകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചപ്പോള്‍ ഷാജഹാന്‍ സൈബര്‍ പൊലീസിന് മുന്നില്‍ ഹാജരായി മൊഴി നല്‍കി മടങ്ങി. എന്നാല്‍ പിന്നീട് അദ്ദേഹം ഷൈന്‍ ടീച്ചറെ അപകീര്‍ത്തിപ്പെടുത്തുന്ന മറ്റൊരു വീഡിയോ കൂടി പുറത്തിറക്കി. ഇതിനെത്തുടര്‍ന്ന് കെ.ജെ. ഷൈന്‍ വീണ്ടും സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആദ്യ കേസിന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സമാനമായ ഒരു കുറ്റം ചെയ്തതിനാല്‍ കെ.എം. ഷാജഹാന്‍ ഒരു സ്ഥിരം കുറ്റവാളി ആണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇത് ഗുരുതരമായ ഒരു ക്രിമിനല്‍ സ്വഭാവമാണ് കാണിക്കുന്നതെന്നും, കോടതിയില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിര്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.